തിരുവനന്തപുരം: ആശാസമരത്തെ ചൊല്ലിയുള്ള ബഹളത്തെ തുടർന്ന് നിയമസഭയിലെ ബഡ്ജറ്റ് ധനാഭ്യർത്ഥന ചർച്ചയിൽ മന്ത്രിമാരുടെ മറുപടി പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ ആശാവർക്കേഴ്സിന്റെ സമരപന്തലിലേക്ക് മാർച്ച് നടത്തി.
സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തിരപ്രമേയത്തിന് അനുമതി തേടിയപ്പോൾ ഭരണപക്ഷം ബഹളമുണ്ടാക്കി. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗത്തിനിടെയും ഭരണപക്ഷാംഗങ്ങൾ തടസപ്പെടുത്തി. ഇതിനെതിരെ സ്പീക്കറോട് പരാതിപ്പെട്ടെങ്കിലും പരിഗണന ലഭിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് ബഡ്ജറ്റ് ധനാഭ്യർത്ഥന ചർച്ചയിൽ മന്ത്രിമാരുടെ മറുപടി പ്രസംഗങ്ങൾ ബഹിഷ്‌കരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
നീക്കത്തിൽ നിന്ന് പിൻമാറണമെന്നും നടപടികളോട് സഹകരിക്കണമെന്നും സ്‌പീക്കർ എ.എൻ. ഷംസീർ അഭ്യർത്ഥിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഇന്നലെ മന്ത്രിമാരായ ജി.ആർ. അനിൽ, അബ്ദുറഹിമാന് വേണ്ടി പി. രാജീവ്, ഒ.ആർ. കേളു, റോഷി അഗസ്റ്റിൻ തുടങ്ങിയവരുടെ മറുപടി പ്രസംഗമാണ് പ്രതിപക്ഷം ബഹിഷ്‌കരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |