
തിരുവനന്തപുരം: തദ്ദേശ വിജയം നൽകിയ ഊർജ്ജത്തിൽ നിയമസഭാതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. സ്ഥാനാർത്ഥികളെ ഫെബ്രുവരിയിൽ പ്രഖ്യാപിക്കാനാണ് നീക്കം. ഘടകകക്ഷികളും തങ്ങളുടെ സ്ഥാനാർത്ഥികളെ ഇതേസമയം പ്രഖ്യാപിക്കും. കഴിഞ്ഞ തവണ നേടിയ 41ൽ നിന്ന് നൂറ് സീറ്റുകളിലേക്കുള്ള കുതിപ്പാണ് മുന്നണി ലക്ഷ്യം.
വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ മാത്രം കോൺഗ്രസ് പരിഗണിക്കും. നാലിനും അഞ്ചിനുമായി വയനാട് നടക്കുന്ന 'മിഷൻ 2026' യോഗത്തിൽ തിരഞ്ഞെടുപ്പ് ചുമതലകൾ വീതിച്ചു നൽകും. മാർച്ച് ആദ്യം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്ന പ്രതീക്ഷയിലാണ് ഒരുക്കങ്ങൾ. വാർഡ്, ബൂത്ത്, മണ്ഡലം തലത്തിൽ വിജയസാധ്യത പരിശോധിക്കും. കഴിഞ്ഞ തവണ 93 ഇടത്ത് മത്സരിച്ച കോൺഗ്രസിന് 21 സീറ്റു മാത്രമേ നേടാനായുള്ളൂ. ഇപ്പോൾ ഭരണ വിരുദ്ധവികാരം ശക്തമാണെന്നും വൻ ഭൂരിപക്ഷത്തിൽ ഭരണം പിടിക്കാമെന്നുമാണ് കെ.പി.സി.സിയുടെ കണക്കുകൂട്ടൽ.
യുവനിരയ്ക്ക് പ്രാമുഖ്യം
സ്ഥാനാർത്ഥിത്വത്തിൽ യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകും. സംസ്ഥാനത്തെ മൂന്ന് സോണായി തിരിച്ച് നേതാക്കൾക്ക് ചുമതല നൽകും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ദക്ഷിണ, മദ്ധ്യ, ഉത്തര മേഖലകകളുടെ ചുമതല കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാർക്കായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് പര്യടനം ഫെബ്രുവരി ഒന്നിന് കാസർകോട് നിന്നാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 28ന് തിരുവനന്തപുരത്താണ് സമാപനം. സമാപന പരിപാടിയിൽ സ്ഥാനാർത്ഥികളെ അണിനിരത്തും.
ജോസഫ് ഗ്രൂപ്പിന്റെ സീറ്റുകളിൽ
കണ്ണുവച്ച് കോൺഗ്രസ്
#പത്തും വേണമെന്ന് ജോസഫ് ഗ്രൂപ്പ്
വി.ജയകുമാർ
കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മത്സരിച്ച നിയമസഭാ സീറ്റുകളിൽ ചിലതു പിടിച്ചെടുക്കാൻ കോൺഗ്രസ് നീക്കം. കഴിഞ്ഞതവണ പത്തു സീറ്റ് നൽകിയെങ്കിലും തൊടുപുഴ, കടുത്തുരുത്തി സീറ്റുകളിൽ മാത്രമായിരുന്നു ജയം . ഒറ്റക്കു നിന്നാൽ ജയസാദ്ധ്യത കുറവെന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ ബോധ്യപ്പെട്ട സാഹചര്യത്തിൽ പത്ത് സീറ്റ് നൽകേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്.
കോട്ടയത്ത് നൽകിയ ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകളിലൊന്നു മടക്കിവാങ്ങി കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ വെച്ചുമാറാമെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമായിട്ടുണ്ട്. മറ്റു ജില്ലകളിലും ഇതേ രീതിയിൽ സീറ്റ് കുറക്കാനാണ് നീക്കം.
യു.ഡി.എഫ് തരംഗം തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടും സ്വാധീനമുണ്ടെന്ന് അവകാശപ്പെട്ട ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ ജയിക്കാൻ ജോസഫ് വിഭാഗത്തിനു കഴിഞ്ഞില്ല. കോൺഗ്രസ് വോട്ടുകൾ പൂർണമായി ലഭിക്കാത്തത് തോൽവിക്കു കാരണമായെന്നാണ് ജോസഫ് ഗ്രൂപ്പ് പറയുന്നത്.
സർക്കാരിന്റെ നവകേരള സർവേ തുടങ്ങി
തിരുവനന്തപുരം: വികസന പദ്ധതികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ തുടങ്ങി. സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമെന്ന സർവേയുടെ ഭാഗമായി സന്നദ്ധ പ്രവർത്തകരാണ് വീടുകളിലെത്തുന്നത്. ഒരു വാർഡിൽ രണ്ട് സന്നദ്ധപ്രവർത്തകരെന്ന നിലയിൽ 85,000 സന്നദ്ധ പ്രവർത്തകരെയാണ് നിയോഗിച്ചിട്ടുള്ളത്. സർവേക്കായി രണ്ടുകോടി രൂപ അനുവദിച്ചിരുന്നു.
രണ്ടുമാസത്തിനുള്ളിൽ സർവേ പൂർത്തിയാക്കാനാണ് തീരുമാനം. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനാണ് സർവേയെന്നാണ് പ്രതിപക്ഷ ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |