ന്യൂഡൽഹി: പഠിപ്പിച്ച വിദ്യാർത്ഥിനികളുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സൂക്ഷിക്കുകയും ചെയ്ത കോളേജ് അദ്ധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. സേത്ത് ഫൂൽ ചന്ദ് ബഗ്ല പിജി കോളേജിലെ ജോഗ്രഫി പ്രൊഫസർ അമ്പതുകാരനായ രജനീഷ് കുമാർ ആണ് പിടിയിലായത്. എത്ര വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു എന്ന തനിക്ക് ഓർമ്മയില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പരിശോധനയിൽ വിദ്യാർത്ഥിനികളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ 59 വീഡിയോകൾ ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. കുറച്ചുവർഷങ്ങൾക്ക് മുമ്പുമാത്രമാണ് പീഡനം വീഡിയോയിലാക്കി സൂക്ഷിക്കാൻ തുടങ്ങിയതെന്നും അതിനുമുമ്പും വിദ്യാർത്ഥിനികളെ ഉപയോഗിച്ചിട്ടുണ്ടെന്നും ഇയാൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.
പരീക്ഷയിൽ ഉയർന്ന മാർക്ക് നൽകണമെന്നും ജോലി ലഭിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ രക്ഷിതാക്കൾ കൈക്കൂലി നൽകാറുണ്ടായിരുന്നു. ഇത് പെൺകുട്ടികളുമായി കൂടുതൽ അടുക്കാനും അവരെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നതിനും ഇടയാക്കിയെന്നാണ് രജനീഷ് പറയുന്നത്. കൂടുതൽ പേരും സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം കിടക്ക പങ്കിടുകയായിരുന്നു എന്നും അയാൾ പറഞ്ഞു.
വിദ്യാർത്ഥിനികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് സൂക്ഷിക്കാൻ തുടങ്ങിയതിനെക്കുറിച്ചും അയാൾ പൊലീസിനോട് പറഞ്ഞു.ഒരിക്കൽ ഒരു വിദ്യാർത്ഥിനിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് മുറിയിലുണ്ടായിരുന്ന കമ്പ്യൂട്ടറിലെ വെബ് ക്യാം പകർത്തി. അറിഞ്ഞുകൊണ്ടായിരുന്നില്ല ഇത് ചെയ്തത്. പിന്നീട് കമ്പ്യൂട്ടർ പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ കണ്ടത്. തുടർന്നാണ് എല്ലാം റെക്കാഡുചെയ്ത് സൂക്ഷിക്കാൻ തീരുമാനിച്ചത്. കൂടുതൽ വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കുന്നതിനായി പ്രത്യേക സോഫ്ട്‌വെയറും കമ്പ്യൂട്ടറിൽ ഇയാൾ ഇൻസ്റ്റാൾ ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് നിരവധിപേരെ ബ്ലാക്ക് മെയിൽ ചെയ്തതായും ഇയാൾ സമ്മതിച്ചു.
കുറച്ചുനാൾമുമ്പ് ലഭിച്ച അജ്ഞാത കത്തിൽ നിന്നാണ് അദ്ധ്യാപകന്റെ പീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിഞ്ഞത്. ഇതോടെ ഇയാൾ ഒളിവിൽപോയി. കഴിഞ്ഞദിവസമായിരുന്നു അറസ്റ്റ്. 2001ലായിരുന്നു ഇയാൾ കോളേജ് അദ്ധ്യാപകനായത്. 2008മുതൽ ഇയാൾ വിദ്യാർത്ഥിനികളെ ഉപദ്രവിക്കാൻ തുടങ്ങി. കഴിഞ്ഞവർഷം ജോലിയിൽ സ്ഥാനക്കയറ്റവും ലഭിച്ചു. രജനീഷ് വിവാഹിതനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |