ന്യൂഡൽഹി: പ്രവർത്തനരഹിതമായ മൊബൈൽ നമ്പറുകളിൽ നിന്ന് അടുത്ത മാസം ആദ്യം മുതൽ യുപിഐ സേവനങ്ങൾ നടത്താൻ സാധിക്കില്ലെന്ന് മുന്നറിയിപ്പ്. അനധികൃത ഇടപാടുകളും തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായാണ് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻപിസിഐ) ബാങ്കുകളോടും മറ്റ് സേവന ദാതാക്കളോടും നിർദ്ദേശിച്ചിരിക്കുന്നത്. യുപിഐ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ സജീവമാണോയെന്ന് ഉപയോക്താക്കൾ പരിശോധിക്കണമെന്നും എൻപിസിഐ അറിയിച്ചിട്ടുണ്ട്.
യുപിഐ ഇടപാടുകൾക്കായി ബന്ധിപ്പിച്ചിട്ടുളള പ്രവർത്തനരഹിതമായ നമ്പറുകൾ സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതിനെ തുടർന്നാണിത്. ഉപയോക്താക്കൾ അവരുടെ നമ്പരുകൾ പ്രവർത്തനരഹിതമാക്കുകയോ മാറ്റുകയോ ചെയ്താലും യുപിഐ ഇടപാടുകൾക്കായി ആ നമ്പർ തന്നെ ഉപയോഗിക്കുകയാണ്. ഇത് ദുരുപയോഗം ചെയ്യപ്പെടാനുളള സാദ്ധ്യത കൂടുതലാണ്. പ്രവർത്തനരഹിതമായ നമ്പറുകൾ ഉപയോഗിച്ച് തട്ടിപ്പുക്കാർക്ക് എളുപ്പത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കും. ഇത് തടയുന്നതിനായി പണമിടപാട് ആപ്ലിക്കേഷനുകളായ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവകളിൽ നിന്ന് എത്രയും വേഗം പ്രവർത്തനരഹിതമായ നമ്പറുകൾ മാറ്റേണ്ടതുണ്ട്.
പുതിയ നിയമം ബാങ്കുകൾ എങ്ങനെ നടപ്പിലാക്കും?
1. ബാങ്കുകളും മറ്റ് സേവന ദാതാക്കളും പ്രവർത്തനരഹിതമായതും പുനർനിർമിച്ചതുമായ നമ്പറുകൾ ആപ്ലിക്കേഷനുകളിൽ നിന്ന് നീക്കം ചെയ്യും.
2. ഇത്തരത്തിലുളള നമ്പറുകൾ നീക്കം ചെയ്യുന്നതിന് മുൻപ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും.
3. മുന്നറിയിപ്പ് നൽകിയിട്ടും പ്രവർത്തനരഹിതമായ നമ്പറുകൾ യുപിഐ ഇടപാടുകളിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ അത് അവർ തന്നെ നീക്കം ചെയ്യും.
4. കൃത്യമായി സമയപരിധിക്കുളളിൽ ഇത് ചെയ്തിരിക്കണം.
ആരെയാണ് ബാധിക്കുന്നത്?
1. മൊബൈൽ നമ്പർ മാറിയ വിവരം ബാങ്കിനെ അറിയിക്കാത്തവരെ
2. ദീർഘനാളുകളായി പ്രവർത്തനരഹിതമായ നമ്പറുകൾ ഉളള ഉപയോക്താക്കളെ
3. ബാങ്കുമായി ഇടപാട് നടത്തുന്ന നമ്പർ മാറ്റിയവരെ
4. പഴയ നമ്പർ മറ്റാർക്കെങ്കിലും ഉപയോഗിക്കാൻ നൽകിയവരെ
യുപിഐ എങ്ങനെ സജീവമാക്കാം
1. യുപിഐയിൽ നൽകിയിരിക്കുന്ന നമ്പരിൽ നിന്ന് ആരെയെങ്കിലും വിളിച്ചോ സന്ദേശം അയച്ചോ പരിശോധിക്കാം.
2. അക്കൗണ്ടിൽ നിന്നുളള സന്ദേശങ്ങൾ, ഒടിപികൾ എന്നിവ നമ്പരിൽ വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
3. നെറ്റ് ബാങ്കിംഗ്, യുപിഐ ആപ്ലിക്കേഷനുകൾ, എടിഎം, ബാങ്കുകൾ സന്ദർശിക്കുക തുടങ്ങിയവ ചെയ്ത് നിങ്ങളുടെ യുപിഐയുമായി ബന്ധപ്പെടുത്തിയിരിക്കുന്ന നമ്പർ സജീവമാക്കുക.
ഒടിപി അറിയുന്നതിന് നിങ്ങളുടെ നമ്പറുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ ഈ നമ്പറുകൾ പ്രവർത്തനരഹിതമാകുകയോ മറ്റൊരാൾ വീണ്ടും ഉപയോഗിക്കുകയോ ചെയ്താൽ നിങ്ങളുടെ ഇടപാടുകൾ പരാജയപ്പെടാനോ പണം തെറ്റായ അക്കൗണ്ടിലേക്ക് പോകാനോ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |