ഒരു കാലത്ത് ഹിന്ദി ഉൾപ്പടെയുളള അഞ്ചോളം ഭാഷകളിൽ അഭിനയിച്ച് സിനിമാ മേഖലയിൽ സ്വന്തം പേര് ഉറപ്പിച്ച നടിയാണ് അന്തരിച്ച ശ്രീദേവി. മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തെന്നിന്ത്യയിൽ നടിക്ക് ഏറെ ആരാധകർ ഇപ്പോഴുമുണ്ട്. ശ്രീദേവിയുടെ കുടുംബജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഇപ്പോഴും പലതരത്തിലുളള ഊഹാപോഹങ്ങൾ നിലനിൽക്കുന്നു. മനോഹരമായ കുടുംബജീവിതം സ്വപ്നം കണ്ടിരുന്ന വ്യക്തിയാണ് താനെന്ന് ശ്രീദേവി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിത നടിയുടെ അമ്മ രാജേശ്വരി യാങ്കർ ഒരിക്കൽ മകളുടെ വിവാഹത്തെക്കുറിച്ച് ആഗ്രഹിച്ച ചില കാര്യങ്ങളാണ് സിനിമാലോകത്ത് വീണ്ടും ചർച്ചയാകുന്നത്. തെലുങ്കിലെ സൂപ്പർതാരമായിരുന്ന മുരളി മോഹൻ തന്റെ മകളെ വിവാഹം ചെയ്യണമെന്നായിരുന്നു രാജേശ്വരി യാങ്കർ ആഗ്രഹിച്ചിരുന്നത്. എന്നാൽ വിവാഹിതനായ മുരളി മോഹന് രണ്ട് മക്കൾ ഉണ്ടെന്ന് അറിഞ്ഞതോടെ ആ ആഗ്രഹത്തിൽ നിന്ന് രാജേശ്വരി യാങ്കർ മാറിയെന്നാണ് വിവരം.
തെലുങ്കിൽ 80കളിൽ സജീവമായിരുന്ന നടനായിരുന്നു മുരളി മോഹൻ. 1973ൽ സിനിമയിലെത്തിയ മുരളി മോഹന്റെ വളർച്ച പെട്ടെന്നായിരുന്നു. 350ൽപരം സിനിമകളിലും അഭിനയിച്ചു. സിനിമയെ കൂടാതെ മുരളി മോഹൻ രാഷ്ട്രീയത്തിലും ബിസിനസിലും സിനിമാ നിർമാണത്തിലും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ സജീവമായതോടെ മുരളി മോഹൻ എംപിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോളും അദ്ദേഹം സിനിമയിലും പൊതുകാര്യങ്ങളിലും സജീവമാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ മുരളി മോഹൻ തന്നെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ശ്രീദേവിയുടെ അമ്മ തന്നെ മരുമകനാക്കാനായി ആഗ്രഹിച്ചിരുന്നുവെന്നും തന്റെ വീട്ടിൽ കൊണ്ടുപോയി രാജേശ്വരി യാങ്കർ ശ്രീദേവിയെ പരിചയപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ അത് നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |