ന്യൂഡൽഹി: വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുന്ന ഭൂമിയിൽ വീണ്ടും സ്വകാര്യ വ്യക്തികൾ അവകാശമുന്നയിക്കുന്ന പ്രവണതയ്‌ക്കെതിരെ സുപ്രീംകോടതി. ആ ഭൂമി സ്വീകരിക്കുന്ന ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ സ്വകാര്യ വ്യക്തികൾക്ക് ഭൂമി തിരികെ കൊടുക്കുന്നത് തട്ടിപ്പിനു കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് കോടതി വിലയിരുത്തി.
പൊതു ആവശ്യത്തിനായി സർക്കാരുകൾ തങ്ങളുടെ പരമാധികാരം ഉപയോഗിച്ചാണ് ഭൂമിയേറ്റെടുക്കുന്നത്. വികസന പ്രവർത്തനങ്ങൾക്കായാണ് ആ ഭൂമി ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ സ്വീകരിക്കുന്നത്. അതുകൊണ്ട് അതിനെ നിസാരമായി കാണരുത്.
ഏറ്റെടുക്കൽ നടപടികളെ ഇത്തരത്തിൽ കുഴപ്പത്തിലാക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി.സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഡൽഹിയിൽ ധാന്യവിപണി നിർമ്മിക്കാനായി സർക്കാർ ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് സുപ്രധാന വിധി. ദേശീയപാത വികസനത്തിനടക്കം ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകളിൽ വിധി നിർണായകമാകും.
വിധിക്ക് ആധാരം ഡൽഹി കേസ്
ഡൽഹി നരേലയ്‌ക്ക് സമീപം അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് ബോർഡിന് ധാന്യവിപണി ആരംഭിക്കാൻ 1963ൽ സംസ്ഥാന സർക്കാർ 33 ഏക്കർ ഏറ്റെടുത്തു. 1986ൽ നഷ്‌ടപരിഹാരത്തുക അനുവദിച്ചു. അതിനിടെ വസ്‌തുവിന്റെ ഒരു ഭാഗത്തിൽ അവകാശമുന്നയിച്ച് ഒരു സ്ത്രീ രംഗത്തെത്തി. തുടർന്ന് അന്നത്തെ മാർക്കറ്റിംഗ് ബോർഡ് ചെയർമാൻ പകുതി ഭൂമി സ്ത്രീക്ക് തിരികെ കൊടുക്കാനും ബാക്കി പകുതിയുടെ നഷ്‌ടപരിഹാരതുകയിൽ അവകാശവും വ്യവസ്ഥ ചെയ്ത് കരാറുണ്ടാക്കി. ഈ ചെയർമാൻ മരിച്ചശേഷം കരാറിനെതിരെ ബോർഡ് നടത്തിയ നിയമപോരാട്ടത്തിലാണ് സുപ്രീംകോടതി വിധി. ഇത്തരം കരാറുകൾ നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |