
ന്യൂഡൽഹി: തിങ്കളാഴ്‌ച വൈകിട്ട് ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിനായി ഉപയോഗിച്ചത് സൈനികർ ഉപയോഗിക്കുന്നത് പോലുള്ള സ്‌ഫോടക വസ്‌തുക്കളെന്ന് സംശയം. സ്‌ഫോടനത്തിന്റെ തീവ്രതയും ആഘാതവും കണക്കിലെടുത്താണ് അന്വേഷണ ഏജൻസികൾ ഈ നിഗമനത്തിലെത്തിച്ചേർന്നത്.
സ്‌ഫോടനത്തിന് മണിക്കൂറുകൾ മുമ്പ് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് ഭീകരസംഘടനയുമായി ബന്ധമുള്ള ഡോക്‌ടർമാരെ പിടികൂടിയിരുന്നു. ഇവരുമായി ബന്ധമുള്ള ഡോ. ഉമർ നബി ആണ് ചെങ്കോട്ടയിൽ ആക്രമണം നടത്തിയത്. എന്നാൽ, സ്‌ഫോടനം കരുതിക്കൂട്ടിയുള്ളതല്ല എന്ന നിഗമനത്തിലാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍. സ്‌ഫോടനത്തിന് ചാവേര്‍ ആക്രമണത്തിന്റെ സ്വഭാവമില്ലെന്നും സ്‌ഫോടകവസ്തുക്കള്‍ കടത്തുന്നതിനിടെയുണ്ടായ പരിഭ്രമമാണ് പൊട്ടിത്തെറിക്ക് പിന്നിലെന്നും അന്വേഷണ വൃത്തങ്ങള്‍ അനുമാനിക്കുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ഐഇഡി നിര്‍മാണം പൂര്‍ണമായിരുന്നില്ല. ഇതുകാരണം തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ഫരീദാബാദില്‍ 2,900 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുകയും വിവിധയിടങ്ങളില്‍ റെയ്ഡുകള്‍ നടക്കുകയും ചെയ്തതിനെ തുടര്‍ന്നുള്ള പരിഭ്രാന്തിയില്‍ കാറില്‍ സ്‌ഫോടക വസ്തുക്കള്‍ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ സംഭവിച്ചതാകാം സ്‌ഫോടനമെന്നാണ് നിഗമനം.
ട്രാഫിക് സിഗ്നലിന് സമീപം വേഗത കുറച്ച് വന്ന വെളുത്ത ഐ20 കാര്‍ ആണ് പൊട്ടിത്തെറിച്ചത്. തീ മറ്റ് വാഹനങ്ങളിലേക്കും പടരുകയായിരുന്നു. സ്‌ഫോടനത്തില്‍ 13 പേര്‍ മരിക്കുകയും 30ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സാദ്ധ്യമായ എല്ലാ അന്വേഷണവും നടത്തുമെന്നും കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ വെറുതേ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രതികരിച്ചിരുന്നു. ഫരീദാബാദില്‍ 2,900 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതും തീവ്രവാദബന്ധത്തിന് അറസ്റ്റിലായ ഡോക്ടര്‍മാരുടെ മൊഴിയെ തുടര്‍ന്നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |