നെയ്യാറ്റിൻകര: പൊറ്റയിൽകട സൗമ്യ കൊലക്കേസിൽ പ്രതിയായ ഭർത്താവ് അനിൽകുമാർ കുറ്റക്കാരനെന്ന് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ കോടതി ജഡ്ജ് എ.എം. ബഷീർ കണ്ടെത്തി. കാരോട് പൊറ്റയിൽകട പരുത്തിവിള വീട്ടിൽ അനിൽ കുമാർ (40) ആണ് ഭാര്യ സൗമ്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. മലപ്പുറം ഇടപറ്റ മേലാറൂർ ഏപ്പിക്കാടു കരുവാമ്പലം വീട്ടിൽ സൗമ്യ ( 33 ) ആണ് കൊല്ലപ്പെട്ടത്.
2012 ഫെബ്രുവരി 7 ന് വൈകിട്ട് 6.15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെയ്യാറ്റിൻകര കാരോട് പ്ലാമൂട്ടുക്കട പരുത്തിവിള വീട്ടിൽ കഴിഞ്ഞിരുന്ന ഇവർക്ക് കുട്ടികൾ ഇല്ല.
മലപ്പുറത്ത് ഒരാളുമായി പ്രേമബന്ധം അരോപിച്ച് അനിൽ സൗമ്യയെ മർദ്ദിക്കുക പതിവായിരുന്നു. അയൽപക്കത്തെ സ്ത്രീകളാണ് പലപ്പോഴും സൗമ്യയെ സംരക്ഷിച്ചിരുന്നത്. കൃത്യം നടന്ന ദിവസം അയൽവാസികളിൽ നിന്നും അഞ്ഞൂറ് രൂപ വാങ്ങി മലപ്പുറത്തേക്ക് ട്രെയിനിൽ പോകാൻ ഇറങ്ങിയ സൗമ്യയെ അനിൽകുമാർ വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സൗമ്യ കെട്ടിത്തൂങ്ങി മരിച്ചുവെന്നു വരുത്തിത്തീർക്കാനായി ഒരുസാരിയുടെ കുരുക്ക് ഉണ്ടാക്കി രണ്ടായി മുറിച്ചു മൃതദേഹത്തിനു സമീപം ഉപേക്ഷിച്ചു. തുടന്ന് അയൽവാസിയും ബന്ധുവുമായ ബാബു എന്നയാളെ കൂട്ടിനു വിളിച്ചു. ടാക്സി വരുത്തി പാറശ്ശാല ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ടുചെന്ന് ട്രോളിയിൽ കയറ്റി ഡോക്ടറുടെ മുറിയിൽ മൃതദേഹം എത്തിച്ചശേഷം കടന്നുകളഞ്ഞു എന്നാണ് പ്രോസിക്യൂഷൻ കേസ്. അനിൽകുമാറിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡു ചെയ്തു. തെളിവിന്റെ അഭാവത്തിൽ രണ്ടാം പ്രതിയായിരുന്ന ബാബുവിനെ കോടതി വെറുതെ വിട്ടു. കേസിൽ ശിക്ഷയിൻമേൽ ഇരുഭാഗം വാദം കേൾക്കുന്നതിനും വിധി പറയുന്നതിലേക്കുമായി തിങ്കളാഴ്ച വിചാരണ മാറ്റിവച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ കോടതിയിൽ ഹാജരായി.
ഫോട്ടോ: പ്രതി അനിൽകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |