മോഹൻലാലിനെ നായകനാക്കി പൃഥ്രിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ റിലീസിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ചിത്രത്തിന്റെ ഓൾ ഇന്ത്യ അഡ്വാൻസ്‌ഡ് ബുക്കിംഗ് മാർച്ച് 21ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി ഒറു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റും ചിത്രം ഇന്നലെ റെക്കോഡ് സൃഷ്ടിച്ചിരുന്നു. എമ്പുരാന്റെ ബഡ്‌ജറ്റിനെ കുറിച്ചുള്ള ചർച്ചകളും നേരത്തെ വാർത്ത സൃഷ്ടിച്ചിരുന്നു, ചിത്രത്തിൽ മോഹൻലാലിനും പൃഥ്വിരാജിനും ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ പ്രതിഫലത്തെ കുറിച്ച് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
നായകന്റെ പ്രതിഫലം 80 കോടി സിനിമ 20 കോടിക്കും എടുത്ത ഒരു 100 കോടി പടമല്ല എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. എമ്പുരാന് വേണ്ടി ഒരു രൂപ പോലും മോഹൻലാൽ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അതിനാലാണ് സിനിമ സാദ്ധ്യമായതെന്നും പൃഥ്വി വ്യക്തമാക്കി. അതേസമയം ചിത്രത്തിന്റെ ബഡ്ജറ്റ് എത്രയാണെന്ന് വെളിപ്പെടുത്താൻ സംവിധായകൻ തയ്യാറായില്ല, നേരത്തെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ബഡ്ജറ്റിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായെത്തുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |