കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 18ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബിക്ക് തകര്‍പ്പന്‍ വിജയം. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തോല്‍പ്പിച്ചത്. 175 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറുകളില്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ആര്‍സിബി മറികടക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയഓപ്പണര്‍മാരായ ഇംഗ്ലീഷ് താരം ഫിലിപ് സാള്‍ട്ട്, വിരാട് കൊഹ്ലി എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് അനായാസ ജയം സമ്മാനിച്ചത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് മികച്ച തുടക്കമാണ് ഫിലിപ് സാള്‍ട്ട് 56(31), വിരാട് കൊഹ്ലി 59*(36) സഖ്യം സമ്മാനിച്ചത്. 8.3 ഓവറുകളില്‍ 95 റണ്‍സ് അടിച്ചെടുത്ത ശേഷം ഫിലിപ് സാള്‍ട്ട് പുറത്തായതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. വരുണ്‍ ചക്രവര്‍ത്തിക്കാണ് വിക്കറ്റ് ലഭിച്ചത്. മൂന്നാമനായി എത്തിയ മലയാളി താരം ദേവദത്ത് പടിക്കല്‍ 10(10) റണ്‍സ് നേടി പെട്ടെന്ന് പുറത്തായി. ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ 34(16) കാര്യങ്ങള്‍ വേഗത്തിലാക്കി. ജയിക്കാന്‍ വെറും 13 റണ്‍സ് മാത്രം വേണ്ടപ്പോള്‍ നായകന്‍ മടങ്ങി.
പിന്നീട് വന്ന ലിയാം ലിവിംഗ്സ്റ്റണ്‍ പുറത്താകാതെ നിന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി വൈഭവ് അരോറ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ അജിങ്ക്യ റഹാനെ 56*(31), സുനില്‍ നരെയ്ന്‍ 44(26) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. എന്നാല്‍ ആദ്യ പത്ത് ഓവറില്‍ 109ന് രണ്ട് എന്ന ശക്തമായ നിലിയില്‍ നിന്ന ശേഷമാണ് കെകെആര്‍ മദ്ധ്യനിര കളി കൈവിട്ടത്.
അനായാസം 200ന് മുകളില്‍ എത്തുമെന്ന് കരുതിയ സ്‌കോറാണ് ആര്‍സിബി ബൗളര്‍മാര്‍ പിടിച്ചുനിര്‍ത്തിയത്. നാലോവറില്‍ 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് കൊയ്ത ക്രുണാല്‍ പാണ്ഡ്യയാണ് ആര്‍സിബി ബൗളര്‍മാരില്‍ മികച്ച് നിന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |