ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. ഇതിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. കർണാടക ഹൈക്കോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റിേസ് അനു ശിവരാമൻ, പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ എന്നിവരാണ് സമിതിയിലുള്ളത്.
ആരോപണ വിധേയനായ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ജോലിയിൽ നിന്ന് മാറ്റി നിറുത്താൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉത്തരവിട്ടു. ജസ്റ്റിസ് വർമ്മ മുൻപ് ഒരു തട്ടിപ്പു കേസിൽ സി.ബി.ഐ അന്വേഷണം നേരിട്ടതിന്റെ വിവരങ്ങളും പുറത്തു വന്നു. ജസ്റ്റിസ് വർമ്മയ്ക്ക് ഒരു ജുഡിഷ്യൽ ജോലിയും തത്കാലം നൽകരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിർദ്ദേശം നൽകി. നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമർപ്പിച്ച റിപ്പോർട്ട്, ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ പ്രതികരണം, മറ്റ് രേഖകൾ എന്നിവ സുപ്രീം കോടതി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |