
ദുബായ്: യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വെള്ളിയാഴ്‌ച പ്രാർത്ഥനയുടെ സമയം മാറ്റി. ഇന്ന് മുതൽ ഉച്ചയ്‌ക്ക് 12.45നാണ് പ്രാർത്ഥാനാചടങ്ങുകൾ നടക്കുക. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം കഴിഞ്ഞ മാസം ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ് എൻഡോവ്‌മെന്റ് ആന്റ് സക്കാത്ത് നടത്തിയിരുന്നു. ഈ വർഷത്തെ ആദ്യത്തെ വെള്ളിയാഴ്‌ചയായ ഇന്ന് എല്ലാ വിശ്വാസികളും നേരത്തേ തന്നെ പള്ളിയിലെത്തണമെന്നും അറിയിച്ചിരുന്നു.
നേരത്തേ ഉച്ചയ്‌ക്ക് 1.15നായിരുന്നു പ്രാർത്ഥന. സാമൂഹിക മാറ്റങ്ങൾ, ജോലി ദിനചര്യകൾ, കുടുംബജീവിതം എന്നിവയെ കേന്ദ്രീകരിച്ചുള്ള നിരവധി വർഷത്തെ അവലോകനത്തിന്റെയും പൊതുജനാഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രാർത്ഥന സമയത്തിൽ മാറ്റം വരുത്തിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിശ്ചിത സമയത്ത് തന്നെ എല്ലാ എമിറേറ്റുകളിലും പ്രാർത്ഥ നടത്തുന്നത് രാജ്യത്തെ താമസക്കാർക്ക് ഏറെ പ്രയോജനം ചെയ്യും. ആയിരക്കണക്കിന് പള്ളികളാണ് രാജ്യത്തുള്ളത്. ഈ സമയമാറ്റം ആരാധനാചടങ്ങുകൾക്ക് യോജിച്ചതുതന്നെയാണെന്ന് മതപണ്ഡിതന്മാരും അഭിപ്രായപ്പെട്ടു.
ഇതിന്റെ ഭാഗമായി രാജ്യത്തെ നഴ്‌സറികളുടെയും എല്ലാ സ്വകാര്യ സ്കൂളുകളുടെയും സ്കൂൾ സമയം വെള്ളിയാഴ്ചകളിൽ രാവിലെ 11.30ന് മുമ്പ് അവസാനിക്കുമെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) നേരത്തേ അറിയിച്ചിരുന്നു. വിദ്യാഭ്യാസ റെഗുലേറ്ററും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് സ്‌കൂളുകളിൽ പുതിയ സമയക്രമത്തിൽ തീരുമാനമായത്. കൂടാതെ ആറാം ക്ലാസിലോ (ഏഴ് വയസ്) അതിനുമുകളിലോ ഉള്ള വിദ്യാർത്ഥികൾക്ക് രക്ഷാകർത്താവിന്റെ അനുമതിയോടെ വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനം നൽകുന്നതിന് സ്കൂളുകൾക്ക് അനുമതി തേടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |