
സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജ. വാർത്താസമ്മേളനത്തിലാണ് ഖവാജ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന് ശേഷം താൻ പാഡഴിക്കുമെന്ന് 39കാരനായ ഖവാജ അറിയിച്ചു.
ഞായറാഴ്ച നടക്കാനിരിക്കുന്ന ടെസ്റ്റിൽ കളിക്കാനിറങ്ങുന്നതോടെ 15 വർഷം നീണ്ടുനിന്ന ഖവാജയുടെ കരിയറിന് തിരശ്ശീല വീഴും. ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ കളിക്കുന്ന ആദ്യ മുസ്ലീം താരമെന്ന റെക്കാഡുമായാണ് ഖവാജയുടെ പടിയിറക്കം. 88 ടെസ്റ്റുകളിൽ നിന്നായി 6,206 റൺസും, 16 സെഞ്ച്വറികളുമാണ് അദ്ദേഹം നേടിയത്. 40 ഏകദിനങ്ങളും ഒമ്പത് ട്വന്റി20 മത്സരങ്ങളും അദ്ദേഹം കളിച്ചു.
വിരമിക്കൽ പ്രഖ്യാപനത്തിനിടെ വാർത്താസമ്മേളനത്തിൽ വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. 'ഞാൻ പാകിസ്ഥാനിൽ നിന്നുള്ള മുസ്ലീം പയ്യാനായിരുന്നു. ഓസ്‌ട്രേലിയൻ ടീമിൽ എനിക്ക് ഒരിക്കലും കളിക്കാൻ കഴിയില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ എന്നെ നോക്കൂ. എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കരിയറിൽ ഒപ്പം നിന്നവർക്കെല്ലാം നന്ദി. സംതൃപ്തി തോന്നുന്നു. കഴിയുന്നത്ര മത്സരങ്ങൾ ഓസ്‌ട്രേലിയൻ ടീമിനായി കളിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവനാണ്. ഈ യാത്രയിൽ മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ കഴിഞ്ഞുവെന്നും വിശ്വസിക്കുന്നു'.- ഖവാജ പറഞ്ഞു.
പാകിസ്ഥാനിൽ നിന്ന് കുട്ടിയായിരിക്കുമ്പോൾ തന്നെ ഓസ്‌ട്രേലിയൻ മണ്ണിൽ കുടിയേറിയ ഖവാജ, സിഡ്നിയിൽ 2011ൽ ഇംഗ്ലണ്ടിനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. ഒരു കാലത്ത് ഓസ്‌ട്രേലിയൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏക ഏഷ്യൻ വംശജനായ താരവും ഖവാജയായിരുന്നു. ക്രിക്കറ്റിന് പുറമെ പൈലറ്റ് കൂടിയായ അദ്ദേഹം, 'ഉസ്മാൻ ഖവാജ ഫൗണ്ടേഷൻ' വഴി അഭയാർത്ഥികൾക്കും പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ക്രിക്കറ്റ് പരിശീലനവും വിദ്യാഭ്യാസത്തിനുള്ള സഹായങ്ങളും നൽകിവരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |