തിരുവനന്തപുരം: സിൽവർലൈനിന് പകരം ഇ.ശ്രീധരൻ മുന്നോട്ടുവച്ച സെമി- ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ. കേന്ദ്രാനുമതിക്കായി ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനെ നിയോഗിച്ചു. അദ്ദേഹം കേന്ദ്രറെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി. കേന്ദ്ര നിലപാടറിഞ്ഞശേഷം ശ്രീധരന്റെ നിർദ്ദേശം പദ്ധതിരൂപത്തിലാക്കി അയയ്ക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പിനു മുൻപ് അനുമതി നേടിയെടുക്കാനാണ് ശ്രമം.
പാരിസ്ഥിതിക, സാങ്കേതിക പ്രശ്നങ്ങളുന്നയിച്ചാണ് സിൽവർലൈനിന് കേന്ദ്രം അനുമതി നിഷേധിച്ചത്. ഭൂമിയേറ്റെടുപ്പ് കുറച്ച്, തൂണുകളിലും തുരങ്കങ്ങളിലൂടെയുമുള്ളതാണ് ശ്രീധരന്റെ തിരുവനന്തപുരം- കണ്ണൂർ ബദൽപാത. സിൽവർ ലൈനിനെപ്പോലെ സ്റ്റാൻഡേർഡ് ഗേജിൽ 200കിലോമീറ്റർ വേഗത്തിലാണിതും. 30കിലോമീറ്റർ ഇടവിട്ട് സ്റ്റേഷനുകളുണ്ട്. സിൽവർലൈനിൽ 50കിലോമീറ്ററായിരുന്നു.
നിലവിലെ റെയിൽപ്പാതയ്ക്ക് അരികിലൂടെ 160കി. മീ വേഗതത്തിൽ രണ്ട് പുതിയ ലൈനുകൾ അനുവദിക്കാമെന്നാണ് റെയിൽവേയുടെ നിർദ്ദേശം. ഇതിനെ എതിർക്കുന്ന സർക്കാർ, റെയിൽവേ ഭൂമി വിട്ടുനൽകിയില്ലെങ്കിൽ അലൈൻമെന്റ് മാറ്റാമെന്നും കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ശ്രീധരന്റെ ബദൽപദ്ധതി വന്നത്. രണ്ടുപേജുള്ള പദ്ധതിരേഖയാണ് ശ്രീധരൻ സർക്കാരിന് നൽകിയത്. ശ്രീധരനെ ഉപയോഗിച്ച് ബദൽപദ്ധതിക്ക് അനുമതി നേടാനാണ് സർക്കാർ ശ്രമം. ഡി.എം.ആർ.സിയെ നിർമ്മാണചുമതലയേൽപ്പിക്കണമെന്നാണ് ശ്രീധരന്റെ ആവശ്യം. പുതിയ പദ്ധതിരേഖയും അവരാവും തയ്യാറാക്കുക. ഉപകരാർ നൽകുന്നതാണ് ഡി.എം.ആർ.സിയുടെ രീതി. അതിനാൽ കെ- റെയിൽ കോർപ്പറേഷന് കരാർ ലഭിക്കാനും സാദ്ധ്യതയുണ്ട്.
ചെലവ് കൂടും
കാസർകോട് വരെയുള്ള സിൽവർലൈനിന് 78,000കോടിയായിരുന്നു പ്രതീക്ഷിത ചെലവ്. എന്നാൽ ബദൽപ്പാതയ്ക്ക് കണ്ണൂർവരെ ഒരുലക്ഷം കോടിയാവും. വായ്പാപരിധിയിലടക്കം നിയന്ത്രണമുള്ളതിനാൽ പണം എങ്ങനെ കണ്ടെത്തുമെന്നതിൽ വ്യക്തതയില്ല.
പദ്ധതി ഉപേക്ഷിക്കില്ല
1. ബദൽപദ്ധതിക്ക് ശ്രമിക്കുമ്പോഴും സിൽവർലൈൻ ഉപേക്ഷിച്ചതായി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഭൂമിയേറ്റെടുക്കാനുള്ള കല്ലിടൽ തടഞ്ഞതിനുള്ള കേസുകളും പിൻവലിച്ചിട്ടില്ല. 190കി. മീ ദൂരത്തിൽ 6,300കല്ലുകൾ സ്ഥാപിച്ചപ്പോൾ 60കേസുകളിലായി അറുനൂറിലേറെപ്പേരെ പ്രതിയാക്കി.
2. പദ്ധതി സർക്കാർ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചെങ്കിൽ കേസുകൾ എഴുതിത്തള്ളാമായിരുന്നു. കേസുകൾ പിൻവലിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും സർക്കാർ വഴങ്ങിയിട്ടില്ല.
100 കോടി
സിൽവർലൈനിനായി ഇതുവരെ ചെലവഴിച്ചത്
120കോടി
ഒരുകിലോമീറ്റർ വേഗപ്പാതയ്ക്കുള്ള ചെലവ്
കെ- റെയിൽ വരില്ല: ഇ.ശ്രീധരൻ
പാലക്കാട്: കെ- റെയിൽ വരാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും താൻ നൽകിയ ബദൽ പ്രൊപ്പോസൽ മുഖ്യമന്ത്രിക്കും സർക്കാരിനും ബോദ്ധ്യമായിട്ടുണ്ടെന്നും മെട്രോമാൻ ഇ.ശ്രീധരൻ പറഞ്ഞു. ജനങ്ങളെ വലുതായി ബുദ്ധിമുട്ടിക്കാത്തതാണ് ഈ പദ്ധതി. കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്നതിൽ മാത്രമാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കുള്ള ആശങ്കയെന്നും ശ്രീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കെ- റെയിൽ ഉപേക്ഷിച്ചെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും. എന്നാൽ, ജാള്യത മൂലമാണ് കേരളം അത് പറയാത്തത്.
താൻ നൽകിയ ബദൽ പ്രൊപ്പോസൽ നടപ്പിലാക്കാനുള്ള ആലോചനയാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. പാരിസ്ഥിതിക ആഘാതം, ഭൂമിയേറ്റെടുക്കൽ എല്ലാം കുറഞ്ഞ പദ്ധതിയാണ് താൻ മുന്നോട്ടുവച്ചത്. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിക്കായി മുഖ്യമന്ത്രി കത്തെഴുതണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. താൻ ഇടപെട്ട് കേന്ദ്രാനുമതി വാങ്ങിത്തരാമെന്നും പറഞ്ഞിരുന്നു. എന്നാൽ ആ കത്ത് ഇതുവരെ പോയിട്ടില്ലെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |