
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് തടയാനുള്ള നിർണായക നീക്കവുമായി പൊലീസ്. പോറ്റിക്കെതിരെ പുതിയ കേസുകൾ ചുമത്താനാണ് നീക്കം. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പുതിയ കേസുകളെടുക്കും. ഇതുസംബന്ധിച്ച് തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ പോറ്റിക്കെതിരെ പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികളിൽ കേസെടുത്ത് സ്വർണക്കൊള്ളക്കേസിൽ സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുകയാണ് . ഒക്ടോബർ 16നാണ് പോറ്റി അറസ്റ്റിലായത്.
അതേസമയം, സന്നിധാനത്തെ സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കിയത് 2013ലെ ദേവസ്വം വിജിലൻസിന്റെ സുപ്രധാന കണ്ടെത്തൽ അവഗണിച്ചത് മൂലമെന്നാണ് വിലയിരുത്തൽ. സ്പോൺസർഷിപ്പിന്റെ മറവിൽ ശബരിമലയിൽ കൊള്ള നടക്കുന്നുവെന്നായിരുന്നു കണ്ടെത്തൽ. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം എസ്.പിയായ സി.പി.ഗോപകുമാറാണ് അന്വേഷണം നടത്തിയത്.
ദേവസ്വത്തിൽ ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥർ ശബരിമലയിൽ എത്തുന്ന ഭക്തരെക്കൊണ്ട് ദേവസ്വത്തിന്റെ ജോലികൾ സ്‌പോൺസർഷിപ്പിൽ ചെയ്യിപ്പിക്കാറുണ്ട്. ഇതിന്റെപേരിൽ സ്‌പോൺസർമാർ അന്യസംസ്ഥാനങ്ങളിൽ നിന്ന് കോടിക്കണക്കിന് പണം പിരിച്ചെടുക്കും. അതിൽനിന്നുള്ള ചെറിയ അംശം മാത്രമാണ് ശബരിമലയിൽ ചെലവഴിക്കുന്നതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ബാക്കിത്തുക സ്‌പോൺസർമാരും ദേവസ്വം ഉദ്യോഗസ്ഥരും വീതിച്ചെടുക്കും.
ഇതിന് പ്രത്യുപകാരമായി ഉദ്യോഗസ്ഥർ സ്‌പോൺസർമാർക്ക് ശബരിമലയിൽ അനർഹമായ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുന്നുണ്ട്. ദേവസ്വം ബോർഡിന്റെ രേഖാമൂലമുള്ള ഉത്തരവില്ലാതെ യാതൊരുവിധ സ്‌പോൺസർഷിപ്പും സ്വീകരിക്കരുതെന്ന് ശബരിമല ദേവസ്വത്തിലെ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകാവുന്നതാണെന്നും അന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |