
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫയ്ക്കെതിരെ (35) ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ റിമാൻഡിൽ കഴിയുകയാണ് ഷിംജിത.
ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഷിംജിതയ്ക്കായി കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. വീഡിയോ പോസ്റ്റ് ചെയ്ത ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മരിച്ച ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്തൊടി ദീപക്കിന്റെ അമ്മയുടെ പരാതിയിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. ഷിംജിതയ്ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഷിംജിത രാജ്യം വിട്ടേക്കുമെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പത്തു വര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പയ്യന്നൂരിൽ സ്വകാര്യ ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്നുകാട്ടി ഷിംജിത മുസ്തഫ ഇൻസ്റ്റഗ്രാമിൽ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്ക് ജീവനൊടുക്കിയത്. ഷിംജിത പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ബസിലെ സി.സി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |