ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ നാടകശാല സദ്യ ഇന്ന് നടക്കും. നൂറ്റാണ്ടുകളായി ഒമ്പതാം ഉത്സവ ദിനത്തിലാണ് നാൽപ്പതിലധികം വിഭവങ്ങളും അമ്പലപ്പുഴ പാൽപ്പായസവുമടങ്ങുന്ന നാടകശാലസദ്യ തൂശനിലയിൽ വിളമ്പുന്നത്. അഞ്ചു തരം പായസവും പഴവർഗങ്ങളുമടക്കം വിഭവ സമൃദ്ധമായ സദ്യ കഴിക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ധാരാളം ഭക്തർ ക്ഷേത്രത്തിലെത്തും. സദ്യക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയലക്ഷ്മി അറിയിച്ചു.
കൃഷ്ണ ഭക്തനായ വില്വമംഗലം സ്വാമിയാരും കൃഷ്ണനും തമ്മിലുള്ള ബന്ധമാണ് പ്രസിദ്ധമായ നാടകശാല സദ്യയ്ക്ക് പിന്നിലെ ഐതിഹ്യം. ഒരിക്കൽ ഒമ്പതാം ഉത്സവ ദിവസം വില്വമംഗലം സ്വാമി നാടകശാലയിലെത്തിയപ്പോൾ ജീവനക്കാർക്ക് ഒപ്പം ബ്രാഹ്മണ ബാലന്റെ വേഷത്തിൽ ഭഗവാൻ നെയ്യ് വിളമ്പുന്നതാണ് സ്വാമി കണ്ടത്. കണ്ണാ...കണ്ണായെന്ന് വിളിച്ച് വില്വമംഗലം ഓടി എത്തിയപ്പോൾ ബാലൻ പുറത്തേക്ക് ഓടി. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ജീവനക്കാരും ഇല ഉപേക്ഷിച്ച് പുറത്തേക്ക് ഓടിയെന്നാണ് ഐതിഹ്യം.
അമ്പലപ്പുഴ സഹോദരന്മാരുടെ പിൻതലമുറക്കാരുടെ നേതൃത്വത്തിലുള്ള ഭക്തജനസംഘവും കണ്ണനെ സ്തുതിച്ച് വഞ്ചിപ്പാട്ട് പാടി പുത്തൻകുളത്തിന് സമീപം വരെ പോയി മടങ്ങിവരും. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ആൽത്തറയ്ക്ക് സമീപം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിൽ ക്ഷേത്ര ജീവനക്കാരും അമ്പലപ്പുഴ പൊലീസിന്റെ നേതൃത്വത്തിൽ പഴക്കുലയും പണക്കിഴിയും നൽകി സംഘത്തെ സ്വീകരിക്കും. അവർ ക്ഷേത്രക്കുളത്തിൽ കുളിച്ച് ദർശനം നടത്തിയതോടെ നാടകശാല സദ്യയുടെ ചടങ്ങുകൾ പൂർത്തിയാകും.
എല്ലാം പാരമ്പര്യ തനിമയിൽ
ക്ഷേത്രോപദേശക സമിതി നിലവിലില്ലാത്തതിനാൽ ഭക്തരുടെ സഹകരണത്തോടെ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നേരിട്ടാണ് ഇത്തവണ നാടകശാലസദ്യ നടക്കുന്നത്. 25ചാക്ക് അരിയുടെ സദ്യയാണ് ഒരുക്കുന്നത്.16 കൂട്ടം കറികൾ, അഞ്ച് തരം പായസം, പഴങ്ങൾ, ഒഴിച്ചുകറികൾ ഉൾപ്പെടെ 41 ഇനങ്ങൾ ഉണ്ടാകും. ഉച്ചക്ക് പന്ത്രണ്ടരയോടെ ആചാര പെരുമകളോടെ സദ്യ വിളമ്പിത്തുടങ്ങും. പാരമ്പര്യ തനിമയിൽ മൺചട്ടിയിലും പച്ചപ്പാളയിൽ മെനഞ്ഞ പാത്രങ്ങളിൽ നിന്ന് കറികൾ പ്ളാവിലയും ചിരട്ടത്തവിയും കൊണ്ടാണ് തളിർ വാഴയിലയിൽ സദ്യവിളമ്പുക. അമ്പലപ്പുഴ നാലുപറ ചന്ദ്രൻപിള്ളയുടെ മകൻ രാജേഷിന്റെ നേതൃത്വത്തിലള്ള 22അംഗ സംഘത്തിനാണ് സദ്യ വട്ടമൊരുക്കുന്നതിന്റെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |