നീലേശ്വരം: കൊല്ലത്ത് സമാപിച്ച സംസ്ഥാന സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കവെ പരിക്കുപറ്റിയ ഹോക്കി താരങ്ങൾക്ക് യാതൊരു വിധ സഹായവും നൽകാതെ ജില്ലാ ഹോക്കി അസോസിയേഷൻ കൈവിട്ടതായി പരാതി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ തൃക്കരിപ്പൂർ ഒളവറ സ്വദേശി ഷിജിത്ത്, നീലേശ്വരം കരുവാച്ചേരി സ്വദേശി വിശാഖ്, എം സഞ്ജീവ് എന്നിവർക്കാണ് പരിക്കുപറ്റിയത്.
സംഘാടക സമിതി കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സകൾ നൽകി കൈയൊഴിഞ്ഞു. തുടർന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിന്റെ സഹായത്തോടെ ആംബുലൻസ് തയാറാക്കി ഷിജിത്തിനെയും വിശാഖിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിജിത്തിന് മൂക്കിനാണ് പരിക്ക്. വിശാഖിനും സഞ്ജീവനും കൈവിരലിന് ക്ഷതമാണ് പറ്റിയത്. മൂക്കിന്റെ പാലം തകർന്ന ഷിജിത്ത് ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ജില്ലാ ഹോക്കി അസോസിയേഷൻ പ്രസിഡന്റ് മയ്യിച്ചയിലെ രാമകൃഷ്ണൻ, സെക്രട്ടറി തൃക്കരിപ്പൂർ സ്വദേശി മുബാറക് എന്നിവരെ വിവരം അറിയിച്ചെങ്കിലും ആയിരത്തി അഞ്ഞൂറ് രൂപയാണ് ഷിജിത്തിന് അയച്ചു കൊടുത്തത്. മത്സരത്തിൽ പങ്കെടുത്ത ടീം അംഗങ്ങളുടെ യാത്രാചെലവു പോലും അസോസിയേഷൻ നൽകിയില്ലെന്നും ഇവർ പറയുന്നു. സ്ഥലം എം.എൽ.എ എം. രാജഗോപാൽ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി എന്നിവരെ വിവരം അറിയിച്ചെങ്കിലും യാതൊരുവിധ സഹായവും ലഭിച്ചില്ല.
അസോസിയേഷനിൽ അഴിമതി
ജില്ലാഹോക്കി അസോസിയേഷനിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് കായിക താരങ്ങൾ പറയുന്നു. അഴിമതിയെ കുറിച്ച് അന്വേഷണം നടത്താൻ താരങ്ങൾ വകുപ്പ് മന്ത്രി, സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് എന്നിവരോട് ആവശ്യപ്പെട്ടെങ്കിലും നടപടികൾ ഉണ്ടായിട്ടില്ലത്രെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |