പാനൂരിൽ ലഹരി വിരുദ്ധ പരിപാടി നടത്തിയ സി.പി.എം നേതാക്കൾക്ക് കൊലവിളി
പാനൂർ (കണ്ണൂർ): പാനൂരിൽ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചതിന് പിന്നാലെ സി.പി.എം നേതാക്കൾക്ക് ലഹരി സംഘങ്ങളുടെ പരസ്യ ഭീഷണി. ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കൊലവിളി നടത്തിയെന്ന് കാണിച്ച് സി.പി.എം ചമ്പാട് ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതി നൽകി.
പന്ന്യന്നൂർ പഞ്ചായത്തിലെ അരയാക്കൂലിൽ ഇക്കഴിഞ്ഞ 18ന് എക്‌സൈസും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ നാലുപേരെ കഞ്ചാവുമായി പിടികൂടിയിരുന്നു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ പ്രതികൾ പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് സ്ഥലത്തെ പ്രാദേശിക സി.പി.എം നേതാക്കളെ ഭീഷണിപ്പെടുത്തി. ഇതിനെതിരെ 21ന് വൈകിട്ട് പ്രദേശത്ത് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു. ഈ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളെ ക്വട്ടേഷൻ തലവൻ ജമ്മീന്റവിട ബിജുവിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘം തടഞ്ഞുനിർത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം ലോക്കൽ സെക്രട്ടറി കെ. ജയരാജനെയും സംഘം ഭീഷണിപ്പെടുത്തി. വാഹനത്തിൽ ആയുധവുമായാണ് സംഘമെത്തിയതൊന്നും സ്ഥലത്തെത്തിയ പൊലീസ് ഈ വാഹനം പരിശോധിക്കാൻ തയ്യാറായില്ലെന്നും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സി.പി.എം ആരോപിക്കുന്നു.
ഭീഷണിക്ക് പിന്നിൽ പാർട്ടി തള്ളിപ്പറഞ്ഞവർ
ഭീഷണിക്ക് പിന്നിൽ പാർട്ടി തള്ളിപ്പറഞ്ഞ ക്വട്ടേഷൻ സംഘാംഗങ്ങളാണെന്ന് സി.പി.എം പ്രതികരിച്ചു. കുന്നോത്തുപറമ്പിലെ ബി.ജെ.പി പ്രവർത്തകൻ കെ.സി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ബിജു. സി.പി.എം പ്രവർത്തകനായിരുന്ന ബിജുവിനെ ക്വട്ടേഷൻ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്ന് നേതൃത്വം പറഞ്ഞു.
മാട്ടൂൽ പഞ്ചായത്ത്
പ്രസിഡന്റിനും ഭീഷണി
ലഹരി പ്രതിരോധ പ്രവർത്തനത്തിന് ഇറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന് നേരെയും ഭീഷണി. മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദിന്റെ പരാതിയിൽ പഴയങ്ങാടി പൊലീസ് കേസെടുത്തു. പഞ്ചായത്ത് പരിധിയിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ലഹരി വിൽപ്പനക്കാരുടെ വിവരം പൊലീസിന് നൽകിയതാണ് ഭീഷണിക്ക് പിന്നിൽ. ലഹരി മാഫിയ നാട്ടിൽ പിടിമുറുക്കിയതോടെയാണ് ജനകീയ പ്രതിരോധം തീർക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.
മാടായി, മാട്ടൂൽ പഞ്ചായത്തുകളിലെ യുവജനങ്ങളെ സംഘടിപ്പിച്ച് ധീര എന്ന പേരിൽ ഒരു വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി. ഇതിൽ അംഗങ്ങളായി 800ലധികം പേരുണ്ട് . ലഹരി വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും തേടി സംഘം ഇറങ്ങി. പൊലീസും ചേർന്നതോടെ അടുത്തകാലത്ത് ലഹരി വിൽപ്പനക്കാരായ 15 പേരെ പിടികൂടാനായി. ഇതിനു പിന്നാലെയാണ് ഫോണിൽ വിളിച്ച് ലഹരി സംഘം ഭീഷണി മുഴക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |