ജില്ലയിലുള്ളത് 10 എസ്.ടി സ്വാശ്രയ സംഘങ്ങൾ
പദ്ധതി വഴി പരിശീലനം പൂർത്തിയാക്കിയത് 309 അംഗങ്ങൾ
അട്ടപ്പാടിയിൽ നിന്നുള്ളവർ 279 പേർ
അഗളി: പട്ടികവർഗ ജനവിഭാഗങ്ങൾക്ക് തൊഴിലും ജീവനോപാധിയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഗോത്രജീവിക പദ്ധതിയുടെ അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ. ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കാത്തതും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തതുമാണ് തിരിച്ചടിയായത്.
പട്ടികവർഗ വികസന വകുപ്പ് മുഖേന കെട്ടിട നിർമ്മാണം, മരപ്പണി, വയറിംഗ്, പ്ലംബിംഗ്, പെയിന്റിംഗ്, ടൈലിംഗ് ആൻഡ് ഫ്‌ളോറിംഗ്, ഹോളോബ്രിക്സ് നിർമ്മാണം, മൊബൈൽ റിപ്പയറിംഗ് എന്നീ മേഖലകളിൽ 2018ൽ വിദഗ്‌ദ്ധ തൊഴിൽ പരിശീലനം നൽകിയിരുന്നു. തുടർന്ന് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ സംഘങ്ങൾ രൂപവത്കരിച്ചു. ഈ സംഘങ്ങൾ തങ്ങൾക്ക് പട്ടികവർഗ വകുപ്പ് മുഖാന്തരം ലഭിച്ച 23.82 ലക്ഷം രൂപക്ക് ഉപകരണങ്ങൾ വാങ്ങി. എന്നാൽ, ആവശ്യത്തിന് തൊഴിലുകൾ ലഭിക്കാതെ വന്നതിനാൽ പലതും തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയാണ്. അട്ടപ്പാടിയിൽ നടപ്പാക്കുന്ന ഭവനപദ്ധതികളുടെയും മറ്റ് പ്രവർത്തനങ്ങളുടെയും പ്രവൃത്തി കരാർ ഇത്തരം സംഘങ്ങൾക്ക് നൽകാം എന്നായിരുന്നു വാഗ്ദാനം. പട്ടികവർഗ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഗോത്രജീവിക സംഘങ്ങൾക്ക് നൽകണമെന്ന സർക്കാർ നിർദേശവും പാലിക്കപ്പെട്ടില്ല.
ആവശ്യമായ പണിയായുധങ്ങൾ വാങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിനും സാധിച്ചാൽ സ്വയം പര്യാപ്തതയുടെ ഒരു ഉത്തമ മാതൃകയാക്കി പദ്ധതിയെ മാറ്റാനാകുമെന്ന് സംഘങ്ങളിലുള്ളവർ ആത്മവിശ്വാസത്തോടെ പറയുന്നു.
നിർമ്മാണ കരാർ ലഭിച്ചത് ഏഴു വീടുകൾക്ക് മാത്രം
കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ അഞ്ഞൂറിലധികം നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന പ്രദേശത്ത് 'ഗോത്രജീവിക' സംഘങ്ങൾക്ക് ഏഴു വീടുകളുടെ നിർമ്മാണ കരാർ മാത്രമാണ് ലഭിച്ചത്. ലഭിച്ച പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്തു. പദ്ധതിയുടെ രണ്ടാംഘട്ട പരിശീലനം 2022ൽ പൂർത്തിയായതോടെ അഞ്ച് എസ്.ടി സ്വാശ്രയ സംഘങ്ങൾ കൂടി പുതുതായി രൂപം കൊണ്ടു. ആകെ 10 എസ്.ടി സ്വാശ്രയ സംഘങ്ങളാണ് ഗോത്രജീവിക പദ്ധതി പ്രകാരം ഇപ്പോൾ ജില്ലയിലുള്ളത്.
ജില്ലയിൽ 309 അംഗങ്ങളാണ് പദ്ധതി വഴി പരിശീലനം പൂർത്തിയാക്കിയത്. അതിൽ തന്നെ 279 പേരും അട്ടപ്പാടിയിൽ നിന്നുള്ളവരാണ്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല
വേണ്ടത്ര തൊഴിലവസരങ്ങൾ ലഭിക്കാതെ വന്ന സാഹചര്യത്തിൽ പരിശീലനം ലഭിച്ച പലരും കൊഴിഞ്ഞുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മറ്റ് ഉപജീവന മാർഗങ്ങളില്ലാത്ത വലിയൊരു വിഭാഗം ഈ സംഘങ്ങളിലുണ്ട്. ആവശ്യമായ പിന്തുണ ഇവർക്ക് ലഭിച്ചില്ലെങ്കിൽ കൃത്യമായി ലക്ഷ്യം കാണാതെ പാഴായി പോയ നിരവധി പദ്ധതികളുടെ കൂട്ടത്തിലേക്ക് ഗോത്രജീവികയും ചേർക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |