കപ്പ വാങ്ങാൻ കടയിൽ പോയി. കിലോയ്ക്ക് 40 രൂപ കപ്പയ്ക്ക് കൈപൊള്ളുന്ന വിലയാണ്. പറഞ്ഞിട്ടുകാര്യമില്ല. ഒരു കമ്പ് കുത്തിവച്ചാൽ കിഴങ്ങു വിളയുന്ന ഇനമാണ് മരച്ചീനി എന്ന കപ്പ. അതിന് നടുവളയാത്തവർ കാശുകൊടുത്ത് കപ്പ വാങ്ങുന്നു. കടയിലും നിരത്തിലും കപ്പ വാങ്ങാൻ കിട്ടുന്ന കാലം വരുമെന്ന് പഴയ മനുഷ്യർ സ്വപ്നത്തിൽ വിചാരിച്ചിട്ടുണ്ടാകില്ല. കപ്പ അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പിഴുതെടുത്താലുടൻ വേവിച്ചുകഴിച്ചും നാളത്തേക്ക് വേണ്ടി സൂക്ഷിച്ചുവച്ചും അവർ കപ്പയെ കരുതലോടെ കാത്തു പണ്ട് പോർച്ചുഗീസുകാരാണ് കപ്പയെ കപ്പലിൽ നമ്മുടെ നാട്ടിലെത്തിച്ചത്.
ചെലവില്ലാതെ വയർ നിറയ്ക്കുന്ന ആ വിഭവത്തെ ആളുകൾ രണ്ടുകൈയും നീട്ടി സ്വീകരിച്ചു.പട്ടിണിയും പ്രാരാബ്ദ്ധവും നാടുനീളെ ഉണ്ടായിരുന്ന അക്കാലത്ത് കപ്പ വലിയ അനുഗ്രഹമായിരുന്നു. കപ്പയുടെ ഭക്ഷണ സാദ്ധ്യത മനസിലാക്കിയ വിശാഖം തിരുനാൾ മഹാരാജാവ് കപ്പകൃഷി വ്യാപകമാക്കാൻ ഉത്തരവുപോലും പുറപ്പെടുവിച്ചു. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ ഉണ്ടായ ക്ഷാമകാലത്ത് ബർമ്മയിൽ നിന്ന് അരി ഇറക്കുമതി നിലച്ചപ്പോൾ തിരുവിതാംകൂറിന്റെ വയർ നിറച്ചത് കപ്പയായിരുന്നു. കപ്പ പുഴുങ്ങിയും വേവിച്ചും മാത്രമല്ല വാട്ടിയെടുത്ത് ഉണക്കിയും ഉപ്പേരി രൂപത്തിൽ ഉണക്കിയുമൊക്കെ ചാക്കുകളിൽ സൂക്ഷിച്ചിരുന്നു. അരിയടക്കമുള്ളവ തീർന്ന് അടുക്കള കാലിയാകുമ്പോൾ കുപ്പിയിൽ നിന്ന് ഭൂതം വരുംപോലെ ചാക്കിൽ നിന്ന് കപ്പ പ്രത്യക്ഷപ്പെടും. കർക്കടക മഴ പെയ്യുമ്പോൾ കപ്പ ഉപ്പേരിയായിരുന്നു ടൈംപാസ്. കൂട്ടിന് കട്ടൻകാപ്പിയും. ഇല്ലായ്മയും വല്ലായ്മയുമുണ്ടായിരുന്ന കാലത്തെ കരുതലായിരുന്നു കപ്പ. കപ്പ പിഴുന്നതും അരിയുന്നതും വാട്ടിയെടുക്കുന്നതും ഉത്സവമായിരുന്നു. അയൽക്കാർ ഒത്തുചേരുന്ന ആഘോഷം.
കപ്പയുടെ അടിമുതൽ മുടിവരെ കളയാനില്ല. കിഴങ്ങ് മനുഷ്യരെടുക്കും. തൊലിയും ഇലയും കന്നുകാലികൾക്കുള്ളതാണ്. ചീകിയെടുക്കുന്ന കമ്പ് അടുപ്പിലെ ഇന്ധനമാണ്. കാലം മാറിയതോടെ കപ്പ ഫാഷനായി. കപ്പയും മീൻകറിയും മുന്തിയ ഹോട്ടലുകളിലെ വിശിഷ്ട വിഭവമാണ്. മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും പോലെ കപ്പ ബിരിയാണിയുമുണ്ട്. യൂട്യൂബിൽ പുതിയ കപ്പ വിഭവങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ തയ്യാറാക്കുന്നവരുണ്ട്.
പണ്ട് അമ്മമാർ പഞ്ചസാരയും തേങ്ങാപ്പീരയുമിട്ട് പൊടിച്ചും പൊടിക്കാതെയും വീട്ടിൽ വിളമ്പിയ കപ്പ ഉപ്പേരി ഇപ്പോൾ ബേക്കറിയിൽ പല രൂപത്തിൽ കിട്ടും. കപ്പക്കമ്പിന്റെ ഏതറ്റമാണ് മണ്ണിൽ നടേണ്ടതെന്ന് ഇന്നത്തെ തലമുറയ്ക്കറിയില്ല. തലതിരിച്ചായിരിക്കും അവർ കമ്പ് നടുക. തലതിരിഞ്ഞ കാലമാണ്. പുതിയ നാമ്പുകൾ കിളിർക്കാത്ത കാലം.
കർക്കടക മഴ പെയ്യുമ്പോൾ കപ്പ ഉപ്പേരിയായിരുന്നു പണ്ട് ടൈംപാസ്. കൂട്ടിന് കട്ടൻകാപ്പിയും. ഇല്ലായ്മയും വല്ലായ്മയുമുണ്ടായിരുന്ന കാലത്തെ കരുതലായിരുന്നു കപ്പ. കപ്പ പിഴുന്നതും അരിയുന്നതും വാട്ടിയെടുക്കുന്നതും ഉത്സവമായിരുന്നു. അയൽക്കാർ ഒത്തുചേരുന്ന ആഘോഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |