തിരുവനന്തപുരം: രാജ്യത്തെ ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന് ആഹ്വാനം ചെയ്ത് ദളിത് പ്രോഗ്രസ് കോൺക്ലേവ്. രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതി 15 വർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് കോൺക്ലേവ് നടത്തിയത്. പട്ടികജാതി, പട്ടികവർഗ, ദളിത് വിഭാഗങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹാരമാർഗങ്ങളും ചർച്ച ചെയ്തു.
ആദിവാസി ജനവിഭാഗങ്ങളുടെ ഭരണഘടനാ സംരക്ഷണവും സംവരണ അട്ടിമറികളും എന്ന വിഷയമാണ് കോൺക്ലേവിന്റെ ആദ്യസെഷനിൽ ചർച്ച ചെയ്തത്. മുൻമന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ദളിത് സ്ത്രീകളുടെ ശാക്തീകരണം സമൂഹത്തിലും കുടുംബത്തിലും എന്ന വിഷയത്തിൽ നടന്ന ചർച്ചയുടെ ഉദ്ഘാടനം തെലങ്കാന മന്ത്രി ദൻസരി അനസൂയ നിർവഹിച്ചു. മുൻ മന്ത്രി പി.കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.
പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ തൊഴിലില്ലായ്മയും ഭൂപ്രശ്നങ്ങളും എന്ന വിഷയത്തിൽ നടന്ന ചർച്ച കർണാടക മന്ത്രി പ്രിയങ്കാ ഖാർഗെ ഉദ്ഘാടനം ചെയ്തു. മുൻ എം.പി സോമപ്രസാദ് വിഷയാവതരണം നടത്തി. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.
മൂന്ന് സെഷനുകളിലായി നടന്ന കോൺക്ലേവിൽ തിരുമാവളവൻ എം.പി, ജിഗ്നേഷ് മേവാനി എം.എൽ.എ, കെ.രാജു ഐ.എ.എസ്, വർഷാ ഗെയ്ക്ക്വാദ് എം.പി, ജ്യോതി ഏക്നാഥ ഗെയ്ക്ക്വാദ് എം.എൽ.എ തുടങ്ങി ദളിത് മേഖലയിലെ മുന്നണി പോരാളികളായ ദേശീയ, സംസ്ഥാന നേതാക്കളും ജനപ്രതിനിധികളുമടക്കം പങ്കെടുത്തു.
സമാപന സമ്മേളനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്രി മുകുൾ വാസ്നിക് അദ്ധ്യക്ഷത വഹിച്ചു. ഡോ.ശശി തരൂർ എം.പി, മഹാരാഷ്ട്ര മുൻമന്ത്രി നിതിൻ റാവത്ത്, പന്തളം സുധാകരൻ, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, ഐ.സി. ബാലകൃഷ്ണൻ, മുൻ എം.പി കെ. സോമപ്രസാദ്, ബ്രയ്ത് വൈറ്റ് കമ്പനി ഡയറക്ടർ പി. സുധീർ തുടങ്ങിയവർ സംസാരിച്ചു.
രാഷ്ട്രീയ, കക്ഷി ഭേദമില്ലാതെ സംഘടിപ്പിക്കപ്പെട്ട ദളിത് കോൺക്ലേവ് മുന്നോട്ടുവച്ച ആശയങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം കാണുമെന്ന് രമേശ് ചെന്നിത്തല സമാപന സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |