കൊച്ചി: വിവാഹ, സമ്മേളന, പ്രദർശന (മൈസ്) ടൂറിസത്തിൽ രാജ്യത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുള്ള പ്രഥമ വെഡിംഗ് ആൻഡ് മൈസ് ഉച്ചകോടി കൊച്ചിയിൽ നടക്കും. സംസ്ഥാന സർക്കാർ സഹകരണത്തോടെ കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം)യാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 14ന് വൈകിട്ട് അഞ്ചിന് ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ ഉദ്ഘാടന സമ്മേളനം നടക്കും. 15, 16 തീയതികളിൽ ലേ മെറിഡിയനിലാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദർശനങ്ങളും സംഘടിപ്പിക്കുക.
ഉച്ചകോടിയിൽ വിവാഹ പാക്കേജുകൾ, മധുവിധു പാക്കേജുകൾ എന്നിവയും അവതരിപ്പിക്കും. വെഡിംഗ്‌മൈസ് ടൂറിസം മേഖലയിലെ പ്രദർശനവും ഒരുക്കും. വിവാഹ സംഘാടകർ, റിസോർട്ടുകൾ, വിവാഹസ്ഥലങ്ങൾ, പുഷ്പാലങ്കാരം, ഫോട്ടോഗ്രഫി, കാറ്ററിംഗ്, മറ്റു സേവനങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തും.
നാല് ലക്ഷ്യങ്ങളാണ് സമ്മേളനത്തിനുള്ളതെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. വെഡിംഗ്, മൈസ് ടൂറിസത്തിൽ പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റും. കൊച്ചി, മൂന്നാർ, കുമരകം, കൊല്ലം, കോവളം, തൃശൂർ, കോഴിക്കോട്, വയനാട്, ബേക്കൽ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കും. ബീച്ചുകൾ, കായലുകൾ, മലനിരകൾ എന്നിവ കോർത്തിണക്കി വിവാഹടൂറിസം സംഘടിപ്പിക്കും. സാംസ്‌ക്കാരിക പൈതൃകം, പുരാതന വാസ്തുകല, ഭക്ഷണരീതികൾ എന്നിവയെ കോർത്തിണക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിവാഹ ആസൂത്രണം, കോർപ്പറേറ്റ് സമ്മേളനങ്ങൾ എന്നിവയുടെ സംഘാടകർ, വൻകിട കൺവെൻഷൻ സെന്ററുകൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവരെ സഹകരിപ്പിക്കുമെന്ന് കേരള ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ പറഞ്ഞു.
വൻകിട മൈസ്, വെഡിംഗ് കമ്പനികളുമായി ചേർന്ന് മേഖലയെ ശക്തിപ്പെടുത്തുമെന്ന് കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. ബീച്ചുകൾ, പൈതൃക മന്ദിരങ്ങൾ, കായൽ റിസോർട്ടുകൾ എന്നിവയ്ക്ക് പ്രചാരം നൽകുമെന്ന് കെ.ടി.എം സെക്രട്ടറി എസ്. സ്വാമിനാഥൻ പറഞ്ഞു.
വെഡിംഗ് ആൻഡ് മൈസ് ടൂറിസം (മീറ്റിംഗ്‌സ്, ഇൻസെന്റീവ്‌സ്, കോഫറൻസസ്, എക്‌സിബിഷൻസ് ) രംഗത്തെ സാദ്ധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം
പി.എ മുഹമ്മദ് റിയാസ്
ടൂറിസം, പൊതുമരാമത്ത് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |