SignIn
Kerala Kaumudi Online
Sunday, 27 April 2025 6.56 AM IST

'കേരളത്തിലെ ബിജെപി നേതൃത്വം മച്ചിപ്പശു, തൊഴുത്തുമാറ്റി കെട്ടിയതുകൊണ്ട് പ്രസവിക്കില്ല; ശോഭയെ തഴഞ്ഞ് രാജീവിനെ കൊണ്ടുവന്നു' 

Increase Font Size Decrease Font Size Print Page
sandeep-varier
രാജീവ് ചന്ദ്രശേഖർ,​ സന്ദീപ് വാര്യർ

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ സംഘടനാ സംവിധാനത്തെ നന്നാക്കിയെടുക്കാനോ വിജയിപ്പിച്ചെടുക്കാനോ പുതിയ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവന്നുള്ള പരീക്ഷണം വിജയിക്കില്ല. അടിസ്ഥാനപരമായി കേരളത്തിലെ ജനങ്ങൾ വർഗീയ വിഭജനത്തിനും വിദ്വേഷ രാഷ്ട്രീയത്തിനും എതിരാണ്. കേരളത്തിലെ ബിജെപി നേതൃത്വം മച്ചിപശുവാണ്. അതിനെ തൊഴുത്തുമാറ്റി കെട്ടിയതുകൊണ്ടെ് പ്രസവിക്കില്ല. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള അതിശക്തയായ നേതാവ് ശോഭ സുരേന്ദ്രനെ തഴഞ്ഞാണ് രാജീവ് ചന്ദ്രശേഖറിനെ പോലെയുള്ള കോർപ്പറേറ്റ് മുതലാളിയെ കൊണ്ടുവന്നതെന്നും അദ്ദേഹം കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.

  • കേരളത്തിൽ കെ സുരേന്ദ്രന് സാധിക്കാത്ത എന്തുമാറ്റമാണ് രാജീവ് ചന്ദ്രശേഖറിനെ കൊണ്ട് സാധിക്കുക?

മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തരകാര്യവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിൽ വലിയ ശരികേടുകളുണ്ട്, ബിജെപിയുടെ പ്രസിഡന്റ് ആരാകണമെന്ന് തീരുമാനിക്കേണ്ടത് ആ പാർട്ടി തന്നെയാണ്. അക്കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള അഭിപ്രായം കോൺഗ്രസിന്റെ നേതൃസ്ഥാനത്തിരിക്കുന്ന ഞാൻ പറയുന്നത് ശരിയല്ല എന്നാണ് വിശ്വസിക്കുന്നത്. മുൻപ് ബിജെപിയുടെ ഭാഗമായിരുന്നു എന്ന നിലയ്ക്കും ഒരു പൊതുനിരീക്ഷണമെന്ന നിലയിലും എനിക്ക് തോന്നിയിട്ടുള്ള കാര്യം, ബിജെപിയുടെ സംഘടന സംവിധാനത്തെ നന്നാക്കിയെടുക്കാനോ, അതിനെ വിജയിപ്പിച്ചെടുക്കാനോ കഴിയുന്ന ഒരു സാഹചര്യം നിലവിലില്ല. അതിന് ഇത്തരത്തിലുള്ള പരീക്ഷണം കൊണ്ടൊന്നും സാധിക്കില്ല.

അടിസ്ഥാനപരമായി കേരളത്തിലെ ജനങ്ങൾ വർഗീയ വിഭജനത്തിനും വിദ്വേഷ രാഷ്ട്രീയത്തിനും എതിരാണ്. ആ രാഷ്ട്രീയത്തിന് കേരളത്തിൽ പച്ചപിടിക്കാൻ ഒരു സാദ്ധ്യതയുമില്ല. മറ്റൊന്ന് കേരളത്തിലെ ബിജെപി നേതൃത്വം ഒരു മച്ചിപ്പശുവാണ്. തൊഴുത്തുമാറ്റി കെട്ടിയതുകൊണ്ടൊന്നും പ്രസവിക്കാൻ പോകുന്നില്ല. കേരളത്തിലെ ബിജെപിയുടെ സംഘടന സംവിധാനം അതീവ ദുർബലമാണ്, കണക്കുകളിൽ മാത്രമുള്ളതാണ്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ രാജീവ് ചന്ദ്രശേഖറിന് അക്കാര്യം ബോദ്ധ്യപ്പെടുമെന്നാണ് മനസിലാക്കുന്നത്.

രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി പറയാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും, പേയ്‌മെന്റ് സീറ്റിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കർണാടകയിൽ എംപിയാകുന്നത് വലിയ തോതിൽ ധനശേഷി വിനിയോഗിച്ച് ജനതാദളിന്റെയും ബിജെപിയുടെയും എംഎൽഎമാരെ വിലക്ക് വാങ്ങിയിട്ടാണ് അദ്ദേഹം രാജ്യസഭയിലൂടെ പാർലമെന്ററി സംവിധാനത്തിലേക്ക് കടന്നുവരുന്നത്.

2014ൽ നരേന്ദ്രമോദിയുടെ ഭരണം വരുന്നതോടെയാണ് അദ്ദേഹം ബിജെപിയുടെ ഭാഗമാകുന്നത്. ഭരണവും അധികാരവും എവിടെ ഉണ്ടോ, അവിടെ വരികയും അതിന്റെ ആനുകൂല്യം പറ്റുകയും ചെയ്യുക എന്ന ബിസിനസ് കണ്ണോടുകൂടിയാണ് അദ്ദേഹം രാഷ്ട്രീയത്തെ കാണുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരാജയപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സാമൂഹ്യ മാദ്ധ്യമത്തിലൂടെ പോസ്റ്റിട്ട ആളുകൂടിയാണ് രാജീവ് ചന്ദ്രശേഖർ. മറ്റ് തരത്തിലുള്ള പല ആരോപണങ്ങളും നേരിട്ടിട്ടുള്ള വ്യക്തിയാണ്. 'ദി വയർ' പുറത്തുകൊണ്ടുവന്ന വലിയ ആരോപണം, കോടതിയെ ഉപയോഗിച്ച് ആ വാർത്ത ഇല്ലാതാക്കാൻ വേണ്ടിയാണ് പരിശ്രമിച്ചത്.

സിപിഎമ്മിന്റെ ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം റിസോർട്ടിൽ, അദ്ദേഹത്തിന്റെ കമ്പനി നിരാമയ റിസോർട്ട്സ് നിക്ഷേപം നടത്തിയിട്ടുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. അതൊന്നും നിഷേധിക്കാൻ കഴിയുന്ന കാര്യമല്ല. സ്വാഭാവികമായും കേരളത്തിലെ ബിജെപി സംവിധാനത്തെ മെച്ചപ്പെടുത്താനോ രക്ഷപ്പെടുത്താനോ രാജീവിന് സധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല.

  • ബിജെപിയുടെ സംസ്ഥാന നേതൃമാറ്റത്തിൽ കോൺഗ്രസോ യുഡിഎഫോ ആശങ്കപ്പെടേണ്ടതുണ്ടോ?

അങ്ങനെ ഒരു ആശങ്ക കോൺഗ്രസിനോ യുഡിഎഫിനോ ഇല്ല. കോൺഗ്രസും യുഡിഎഫും ഇവിടെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ജീവിത പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച്, പിണറായി വിജയൻ സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ അതിശക്തമായ പോരാട്ടത്തിലാണ്. വർഗീയ വിദ്വേഷ രഷ്ട്രീയത്തിനെതിരായ പോരാട്ടവുമായി കോൺഗ്രസ് മുന്നോട്ടുപോകുകയണ്. കേരളത്തിലെ ജനങ്ങളെയും രാജ്യത്തെയും ഒരുമിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ട്.

അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം, പാലക്കാടും വയനാടും കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ നേടിയ അത്ഭുതകരമായ വിജയമാണ്. ജനങ്ങൾ കോൺഗ്രസിൽ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണത്. ബിജെപിയിൽ ഏതെങ്കിലും തരത്തിലുള്ള നേതൃമാറ്റം വരുമ്പോൾ അത് കോൺഗ്രസിനെയോ യുഡിഎഫിനെയോ ബാധിക്കുന്ന ഘടകമല്ല. തീർച്ചയായും അതിന്റെ രഷ്ട്രീയം കോൺഗ്രസ് പറഞ്ഞുകൊണ്ടേയിരിക്കും.

  • ബിജെപിയിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ അതിജീവിക്കാൻ രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്ന് കരുതുന്നുണ്ടോ?

അതൊക്കെ ബിജെപിയുടെ ആഭ്യന്തരകാര്യമണ്. അതിലൊന്നും അഭിപ്രായം പറയൻ ഞാൻ ആളല്ല. എന്നാലും, ബിജെപിയിൽ ദീർഘനാളായി പ്രവർത്തിച്ചിട്ടുള്ള ശോഭ സുരേന്ദ്രനെ പോലെയുള്ള ഒരു വനിതാ-പിന്നാക്ക വിഭാഗത്തിലുള്ള നേതാവിനെ തഴയാൻ വേണ്ടി രാജീവ് ചന്ദ്രശേഖറിനെ പോലെയുള്ള കോർപ്പറേറ്റ് മുതലാളിയെ കൊണ്ടുവന്നു എന്നുള്ളത് വളരെ വ്യക്തമാണ്. ഒബിസി വിഭാഗത്തിൽ നിന്നുള്ള ഒരു അതിശക്തയായ നേതാവിനെ തഴഞ്ഞത് ആ വിഭാഗത്തിൽ അസംതൃപ്തി ഉണ്ടാക്കുമെന്നാണ് കരുതുന്നത്.

TAGS: SANDEEP G VARIER, BJP, KERALA, RAJEV CHANDRASEKHAR, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.