കോട്ടയം: മൂന്ന് ദിവസത്തോളം നീണ്ടു നിന്ന കോട്ടയം ജില്ലാ പാഡി ഓഫീസ് ഉപരോധത്തിനൊടുവിൽ തിരുവാർപ്പ് മാടേക്കാട്, കുറിച്ചി മണ്ണങ്കര കുറിഞ്ഞിക്കാട് പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാൻ തീരുമാനമായി. നെൽക്കർഷക സംരക്ഷണ സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ പാഡി ഓഫീസറെ തടഞ്ഞ് വച്ചുള്ള ഉപരോധം ഇന്നലെ രാത്രി വൈകിയും തുടർന്നതോടെ കളക്ടറും എ.ഡി.എമ്മും സ്ഥലത്തെത്തി കർഷകരുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. മാടേക്കാട് പാടശേഖരത്തിലെ നെല്ല് 5 കിലോ കിഴിവിലും കുറിഞ്ഞിക്കാട് പാടശേഖരത്തിലെ നെല്ല് നാല് കിലോ കിഴിവിലുമാണ് സംഭരിയ്ക്കുക. ഇന്ന് ഉച്ചയ്ക്ക് 1.30യ്ക്ക് മുൻപായി നെല്ല് സംഭരിയ്ക്കും. ഇതിന് ശേഷം ഉച്ച കഴിഞ്ഞ് മറ്റ് പാടശേഖരങ്ങളിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കളക്ടറുമായി ചർച്ച നടത്തും.
കടുത്ത പ്രതിഷേധം
കുറിച്ചി മണ്ണങ്കര-കുറിഞ്ഞിക്കാട് പാടശേഖരത്തിലെ നെല്ല്, സംഭരിക്കാത്തതിലും തിരുവാർപ്പ് നടുവിലെക്കാട്-മാടേകാട് പാടശേഖരത്തിൽ പകുതി നെല്ല് സംഭരിച്ചിട്ടു നിർത്തിയത് പുനരാംഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം.
മാടേക്കാട് പാടശേഖരത്തിൽ 175 ഏക്കറിലെ നെല്ല് രണ്ടു കിലോ കിഴിവിൽ മില്ലുകാർ എടുത്തിരുന്നു. എന്നാൽ, പിന്നീട് മില്ലുകാർ പിൻമാറി. രണ്ടാമതെത്തിയ മില്ലുകാർ 22 കിലോ കിഴിവാണ് ആവശ്യപ്പെട്ടത്. പരമാവധി അഞ്ചുകിലോ വരെ കിഴിവ് നൽകാൻ തങ്ങൾ തയാറാണെന്നും 22 കിലോ അനുവദിക്കാനാവില്ലെന്നുമായിരുന്നു കർഷകരുടെ നിലപാട്. ഇനി ആറ് ലോഡ് നെല്ലാണ് ഇവിടെ എടുക്കാനുള്ളത്. തിരുവാർപ്പിൽ സംഭരണം നിർത്തിയ മില്ലുകാരെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു. തീരുമാനമാവാതെ തങ്ങൾ പിരിഞ്ഞുപോകില്ലെന്ന് പ്രഖ്യാപിച്ചാണ് സമരക്കാർ പാഡി ഓഫിസിൽ ഉപരോധം തുടർന്നത്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, നെൽകർഷക സംരക്ഷണസമിതി ഭാരവാഹികളായ വി.ജെ ലാലി, റജീന തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. വെസ്റ്റ് പൊലീസ് സ്ഥലത്ത് തമ്പടിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റം
പാഡി ഓഫിസ് ഉപരോധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ജോലി തടസപ്പെടുത്തിയാൽ കേസെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞതാണ് വാക്കേറ്റത്തിന് കാരണമായത്. കഴിഞ്ഞദിവസവും കർഷകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകുയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |