അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കും
കൊച്ചി: അമേരിക്കയിൽ നിന്ന്ഇറക്കുമതി ചെയ്യുന്ന 50 ശതമാനത്തിലധികം ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഇന്ത്യയ്ക്കെതിരായ പകരച്ചുങ്കം ഏപ്രിൽ രണ്ട് മുതൽ നടപ്പാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി കണക്കിലെടുത്താണ് 2,300 കോടി ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുന്നത്. ഇതോടെ ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകളുടെ ആദ്യ ഘട്ടത്തിൽ ഏറെ മുന്നേറാനാകുമെന്ന് വാണിജ്യ മന്ത്രാലയം വിലയിരുത്തുന്നു.
നിലവിൽ അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അഞ്ച് മുതൽ 30 ശതമാനം വരെ ശരാശരി തീരുവയാണ് ഈടാക്കുന്നത്. ഇതിൽ 55 ശതമാനം ഉത്പന്നങ്ങളുടെ തീരുവ പൂർണമായും ഒഴിവാക്കുകയോ കുത്തനെ കുറയ്ക്കാനോ സർക്കാർ തയ്യാറാകും. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ശരാശരി 2.2 ശതമാനം അമേരിക്ക ഈടാക്കുമ്പോൾ ഇന്ത്യയുടെ ശരാശരി തീരുവ 12 ശതമാനമാണെന്നതാണ് ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്. ഇന്ത്യയുമായി 4,560 കോടി ഡോളറിന്റെ വ്യാപാര കമ്മിയാണ് അമേരിക്കയ്ക്കുള്ളത്.
പകരച്ചുങ്കം വിനാശകരമാകും
പ്രതിവർഷം 6,600 കോടി ഡോളറിന്റെ(5.68 ലക്ഷം കോടി രൂപ) ഉത്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിഅയക്കുന്നത്. ഇതിൽ 85 ശതമാനം ഉത്പന്നങ്ങളുടെയും കയറ്റുമതി സാദ്ധ്യതകളെ ട്രംപിന്റെ പകരച്ചുങ്കം പ്രതികൂലമായി ബാധിക്കും. ഫാർമസ്യൂട്ടിക്കൽ, വാഹന മേഖലകളിലെ കയറ്റുമതികൾക്ക് പകരച്ചുങ്കം വിനാശകരമാകുമെന്ന് വിലയിരുത്തുന്നു. വജ്രങ്ങൾ, ലവണ ഇന്ധനങ്ങൾ, മെഷിനറി, ബോയിലേഴ്‌സ്. ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ കയറ്റുമതികളും വൻ തിരിച്ചടി നേരിട്ടേക്കും.
തീരുവയിലെ അന്തരം
ഉത്പന്നം - യു.എസിന്റെ ശരാശരി തീരുവ - ഇന്ത്യയുടെ ശരാശരി തീരുവ
കാർഷിക ഉത്പന്നങ്ങൾ - 5.29 ശതമാനം - 37.66 ശതമാനം
വാഹനങ്ങൾ - 1.05 ശതമാനം - 24.14 ശതമാനം
ഡയമണ്ട്, സ്വർണം - 2.12 ശതമാനം - 15.45 ശതമാനം
കെമിക്കലുകൾ, ഫാർമ -1.06 ശതമാനം - 9.68 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |