ന്യൂഡൽഹി: എമ്പുരാൻ സിനിമയുടെ പശ്ചാത്തലത്തിൽ മോഹൻലാലിനും പൃഥ്വിരാജിനും എതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. രാഷ്ട്രീയ അജണ്ടയുള്ള സിനിമയാണ് എമ്പുരാനെന്നും ഹിന്ദുവിരുദ്ധ നിലപാടിന് വേണ്ടി പൃഥ്വിരാജ് സിനിമയെ ഉപയോഗിച്ചെന്നും മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു. സ്വന്തം ആരാധകരെ നടൻ മോഹൻലാൽ വഞ്ചിച്ചെന്നും ലേഖനത്തിൽ പറയുന്നു. കേരളത്തിലെ ബിജെപി നേതാക്കൾ ചിത്രത്തോടുള്ള നിലപാട് മയപ്പെടുത്തി രംഗത്തെത്തുമ്പോഴാണ് വിമർശനവുമായി ആർഎസ്എസ് എത്തുന്നത്.
ഗോധ്രാനന്തര കലാപത്തിന്റെ സെൻസിറ്റീവ് വിഷയത്തിലേക്ക് എമ്പുരാൻ ആഴ്ന്നിറങ്ങുന്നു, പക്ഷേ അത് വ്യക്തവും ആശങ്കാജനകവുമായ പക്ഷപാതത്തോടെയാണ് തുറന്നുകാട്ടുന്നതെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു. സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഹിന്ദു വിരുദ്ധ ആഖ്യാനമാണ് ചിത്രത്തിലുള്ളതെന്നും ലേഖനത്തിൽ പറയുന്നു.
'മോഹൻലാലിനെ പോലെ പരിചയസമ്പന്നനായ നടൻ തന്റെ സിനിമയ്ക്കായി സമുദായങ്ങൾക്കിടിയിൽ വിദ്വേഷം മാത്രം വളർത്തുന്ന ഒരു പ്രചാരണ കഥ തിരഞ്ഞെടുത്തതാണെന്ന് എന്തുകൊണ്ടാണെന്ന് ദുരൂഹമാണ്. ഈ സിനിമയിൽ അഭിനയിക്കാനുള്ള മോഹൻലാലിന്റെ തീരുമാനം വിശ്വസ്തരായ ആരാധക വൃന്ദത്തോടുള്ള വഞ്ചനയാണ്. എമ്പുരാൻ ഹിന്ദുവിരുദ്ധ- ഇന്ത്യ സിനിമയായി തുറന്നുകാട്ടപ്പെടണമെന്നതിൽ സംശയമില്ല'- ലേഖനത്തിൽ പറഞ്ഞു.
പൃഥ്വിരാജിന്റെ മുൻ രാഷ്ട്രീയ നിലപാടുകളെയും ചിത്രം വിമർശിക്കുന്നുണ്ട്. 1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ വാരിയംകുന്നൻ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ച്, അത് നടക്കാതെ പോയതിനെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. എന്നാൽ ആർഎസ്എസ് വിമർശനം ഉയർത്തുമ്പോഴും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് തീയേറ്ററിൽ ലഭിക്കുന്നത്. റീലീസ് ചെയ്ത് 48 മണിക്കൂർ കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ കയറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |