ഇന്ത്യ 0- ബംഗ്ളാദേശ് 0
ഷില്ലോംഗ് : ബംഗ്ളാദേശിന് എതിരായ എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ് ഇന്ത്യ. ഷില്ലോംഗിലെ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചത് ഇന്ത്യയ്ക്കായിരുന്നെങ്കിലും ഗോളടിക്കാനായില്ല. ഗ്രൂപ്പ് സിയിൽ നടന്ന മറ്റൊരു മത്സരത്തിൽ സിംഗപ്പൂരും ഹോംഗ്കോംഗും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
നാലാം മിനിട്ടിൽ ഫാറൂഖ് ചൗധരിയിലൂടെ ഇന്ത്യയാണ് ആദ്യ ആക്രമണം നടത്തിയത്. എന്നാൽ തലയ്ക്ക് മുകളിലൂടെ പോയ ക്രോസ് സുനിൽ ഛെത്രിക്ക് കണക്ട് ചെയ്യാനായില്ല.12-ാം മിനിട്ടിൽ ഇന്ത്യൻ ഗോളി വിശാൽ ഖെയ്ത്തിന്റെ ഗോളികിക്ക് തട്ടിയെടുത്ത് വന്ന റിദോയുടെ ശ്രമം സുബാഷിഷ് ഇടപെട്ട് നിർവീര്യമാക്കിയിരുന്നു.18-ാം മിനിട്ടിൽ റിദോയ്‌യുടെ മറ്റൊരു ശ്രമം വലയ്ക്ക് പുറത്തേക്കുപോയിരുന്നു.
31-ാം മിനിട്ടിലാണ് ഇന്ത്യയ്ക്ക് മത്സരത്തിലെ ആദ്യ മികച്ച അവസരം ലഭിച്ചത്. ഇടതുവിംഗിൽ നിന്ന് ലിസ്റ്റൺ കൊളാക്കോ നൽകിയ ഹൈക്രോസ് ഉദാന്ത ഹെഡ് ചെയ്‌തെങ്കിലും റിദോയ് ക്ളിയർ ചെയ്തു. എന്നാൽ റിദോയ്‌യുടെ ഷോട്ട് ലഭിച്ചത് ഫാറൂഖിനാണ് . സമയം കളയാതെ ഫാറൂഖ് ഗോൾ മുഖം ലക്ഷ്യമായി തൊടുത്തെങ്കിലും ബംഗ്ളാദേശ് ഡിഫൻഡർ മാർമ ഗോൾ ലൈനിൽ നിന്ന് സേവ് ചെയ്തു . 35-ാം മിനിട്ടിലെ ലിസ്റ്റന്റെ ശ്രമം വലയ്ക്ക് പുറത്തേക്കാണ് പോയത്.41-ാം മിനിട്ടിൽ ലിസ്റ്റൺ എടുത്ത കോർണറിൽ നിന്നുള്ള ഫാറൂഖിന്റെ ശ്രമം ഡിഫ്ളക്ട് ചെയ്ത് പുറത്തേക്കുപോയി. തൊട്ടടുത്ത മിനിട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ ഒറ്റയ്ക്ക് കയറിവന്ന ജോണിയുടെ ശ്രമം കിടിലൻ സേവിലൂടെ വിശാൽ നിഷ്ഫലമാക്കിയതോടെ ഗോൾരഹിതമായി ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിലും ഛെത്രിയിലൂടെ ഗോളടിക്കാൻ ഇന്ത്യ പരിശ്രമം തുടർന്നു. 55-ാം മിനിട്ടിൽ ഛെത്രിയുടെ ഒരു ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്കുപോയത്.58-ാം മിനിട്ടിൽ ഛെത്രിയുടെ ഒരു ഹെഡർ ബംഗ്ളാ പ്രതിരോധം ബ്ളോക്ക് ചെയ്യുകയും ചെയ്തു. 66-ാം മിനിട്ടിൽ ഒരു കോർണറിൽ നിന്നുള്ള അവസരവും മുതലാക്കാൻ ഛെത്രിക്ക് കഴിഞ്ഞില്ല.72-ാം മിനിട്ടിൽ ലിസ്റ്റൺ എടുത്ത കോർണറിൽ നിന്നുള്ള സുബാഷിഷിന്റെ ഹെഡറും വലയിലെത്തിയില്ല.85-ാം മിനിട്ടിൽ സുനിൽ ഛെത്രിക്ക് പകരം മലയാളി താരം ആഷിഖ് കുരുണിയൻ കളത്തിലിറങ്ങി. എങ്കിലും സ്കോർ ബോർഡ് ചലനമില്ലാതെ തുടർന്നു.
ജൂണിൽ ഹോംഗ്കോംഗിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |