തിരുവനന്തപുരം:അറുപത് കഴിഞ്ഞ തൊഴിലാളികൾക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ ചുമതലയുള്ള കേരള ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡിൽ തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ഇല്ല. കെട്ടിടങ്ങളുടെ സെസ് യഥാസമയം പിരിക്കുന്നില്ല. ആനുകൂല്യങ്ങൾ അർഹമായവരെ കണ്ടെത്തി നൽകാൻ സംവിധാനവുമില്ലെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. കെടുകാര്യസ്ഥതമൂലം സെസ് പിരിവിൽ 542.17 കോടിയുടെ കുറവുണ്ടായതായി റിപ്പോർട്ട് കുറ്റപ്പെടുത്തി.റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ സമർപ്പിച്ചു.
2023 മാർച്ച് വരെയുള്ള കണക്ക് അനുസരിച്ച് 10113 സ്ഥാപനങ്ങൾ മാത്രമാണ് ലേബർ കമ്മിഷണറേറ്റ് ഓട്ടോമേഷൻ സിസ്റ്റം രജിസ്ട്രേഷൻ പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഗുണഭോക്താക്കൾക്കുളള അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം ഡേറ്റാബേസ് സംവിധാനം പൂർണ്ണമായും ഉപയോഗപ്പെടുത്തിയില്ല.ഓരോ തദ്ദേശസ്ഥാപനത്തിനു കീഴിലും സെസ് നിർണ്ണയിക്കാനുള്ള ശരാശരി 7312 കെട്ടിടങ്ങളിൽ 4294എണ്ണത്തിന്റെ വിശദാംശങ്ങൾ മാത്രമാണുള്ളത്. ഇതിൽ തന്നെ 679എണ്ണത്തിന്റെ വിവരങ്ങൾ മാത്രമേ ഡേറ്റബേസിൽ ഉൾപ്പെടുത്തിയുളളു. അതിൽ തന്നെ 282എണ്ണത്തിൽ മാത്രമേ സെസ് നിർണ്ണയിച്ചുള്ളു. അതിൽതന്നെ അഞ്ചുവർഷത്തോളം കാലതാമസവും വരുത്തി.
ഇതുകാരണം, സെസ് ഈടാക്കേണ്ടതായ 282998 കെട്ടിടങ്ങളിൽ 126446 കെട്ടിടങ്ങളിൽ നിന്ന് മാത്രമാണ് സെസ് കിട്ടിയത്. 542.17കോടിയുടെ നഷ്ടമുണ്ടായി.
പെൻഷൻ,വിവാഹ ധനസഹായം, ചികിത്സാ സഹായം, ,പ്രസവാനുകൂല്യം. മരണാനന്തരസഹായം, സ്കോളർഷിപ്പുകൾ,കാഷ് അവാർഡുകൾ എന്നിവ നൽകുന്നതിന് ഗുണഭോക്താക്കളുടെ ലിസ്റ്റോ മറ്റു രേഖകളോ ഇല്ല.ജില്ലാ ഓഫീസുകളിൽ നിന്ന് ആവശ്യപ്പെട്ടാൽ സഹായം നൽകുന്ന രീതിയാണ്.കൊവിഡ് കാലത്ത് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വ്യാപകമായ ക്രമക്കേട് നടന്നതായും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |