കോന്നി: തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് മധുസൂദനൻ. അതിരുങ്കൽ കാരയ്ക്കകുഴി പൂഴിക്കാട് മേഘയെയാണ് (25) തിരുവനന്തപുരം പേട്ടയ്ക്കും ചാക്കയ്ക്കുമിടയിലെ റെയിൽവേ ട്രാക്കിൽ കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിത്. ഒരു വർഷം മുമ്പാണ് മേഘ എമിഗ്രേഷൻ ഐ.ബിയിൽ ജോലിയിൽ പ്രവേശിച്ചത്. തിങ്കളാഴ്ച രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു.
ഞായറാഴ്ച രാവിലെയും ഫോണിൽ സംസാരിച്ചിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കാണ് മകൾ പോകുന്നത്. ആ വഴിയിൽ റെയിൽവേ ട്രാക്കില്ല. റെയിൽവേ ട്രാക്കുള്ളിടത്തേക്ക് പോയതിന് പിന്നിൽ ദുരൂഹതയുണ്ട്. ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അന്വേഷിച്ചാൽ വിളിച്ചത് ആരെയാണെന്ന് കണ്ടെത്താം. മരണത്തിൽ വിശദ അന്വേഷണം നടത്തണമെന്നും മധുസൂദനൻ ആവശ്യപ്പെട്ടു.
അതേസമയം കൊച്ചിയിൽ ജോലിചെയ്യുന്ന ഐ.ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നെന്നാണ് വിവരം.പഞ്ചാബിൽ പരിശീലനത്തിനിടെയാണ് ഇരുവരും സൗഹൃദത്തിലായത്. ഇക്കാര്യം മേഘ വീട്ടുകാരോട് പറഞ്ഞിരുന്നു.ആദ്യം വീട്ടുകാരുടെ ഭാഗത്ത് നിന്ന് എതിർപ്പുയർന്നുവെങ്കിലും പിന്നീട് അവർ സമ്മതിച്ചു. എന്നാൽ വിവാഹത്തിലേക്ക് കാര്യങ്ങളിലേയ്ക്കെത്തിയപ്പോൾ ഇയാൾ ബന്ധത്തിൽ നിന്നും പിന്മാറി. ഇതാണ് മേഘയെ ട്രെയിന് മുമ്പിൽ ചാടി ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.
മരണത്തിന് പിന്നാലെ സഹപ്രവർത്തകർ പങ്കുവെച്ച വിവരങ്ങളിൽ നിന്നാണ് വീട്ടുകാർ ദുരൂഹതകൾ മനസിലാക്കിയത്. അടുത്തകാലത്ത് അധികം ആരോടും സംസാരിക്കാതെ കൂടുതൽ സമയം മേഘ ഫോണിൽ ചെലവഴിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വീട്ടുകാരുടെയും കൂടുതൽ സഹപ്രവർത്തകരുടെയും മൊഴിയെടുത്ത ശേഷം പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കും. മേഘയുടെ ഫോൺ പൂർണമായും തകർന്നതിനാൽ അതിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ല.മേഘയുടെ ഫോൺ നമ്പരിലേക്ക് സംഭവത്തിന് തൊട്ടുമുമ്പുള്ള കാൾ ലിസ്റ്റുകൾ പൊലീസ് ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |