ന്യൂഡൽഹി: 27 വർഷത്തിനു ശേഷം ഡൽഹിയിൽ അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാർ കന്നി ബജ്ജറ്റിൽ വകയിരുത്തിയത് ഒരു ലക്ഷം കോടി. മുൻ ആംആദ്മി സർക്കാരിന്റെ അവസാന ബജ്ജറ്റിൽ നിന്ന് 31.58 ശതമാനം അധികമാണിത്. വിദ്യാഭ്യാസ മേഖലയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകി. 19,291 കോടി വകയിരുത്തി. കഴിഞ്ഞ ബജ്ജറ്റിൽ നീക്കിവച്ചത് 16,146 കോടിയായിരുന്നു. ചരിത്രപരമെന്ന്,ബജ്ജറ്റ് അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി രേഖാ ഗുപ്‌ത പറഞ്ഞു. ഡൽഹിയിലെ കുട്ടികൾക്ക് അവരുടെ വീടിനടുത്ത് തന്നെ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 100 സർക്കാർ സ്‌കൂളുകളിൽ ഡോ.എ.പി.ജെ. അബ്‌ദുൾ കലാം ഭാഷാ ലാബുകൾ സ്ഥാപിക്കും. ഇംഗ്ലീഷ്,ഹിന്ദി,സംസ്‌കൃതം,ഫ്രഞ്ച്,ജർമ്മൻ,സ്‌പാനിഷ് എന്നിവ ഈ ലാബിൽ പഠിപ്പിക്കും. 21 കോടി വകയിരുത്തി. യമുനയിലെ അടക്കം ജലാശയങ്ങളിലെ ശുചീകരണം, മലിനമല്ലാത്ത കുടിവെള്ളം ഉറപ്പാക്കൽ തുടങ്ങിയവയ്‌ക്ക് 9000 കോടി അനുവദിച്ചു.
ആരോഗ്യമേഖലയെ തഴഞ്ഞെന്ന് ആംആദ്മി പാർട്ടി
ബജ്ജറ്റിൽ ആരോഗ്യമേഖലയെ തഴഞ്ഞെന്ന് മുൻ ആരോഗ്യമന്ത്രിയും ആംആദ്മി പാർട്ടി ഡൽഹി അദ്ധ്യക്ഷനുമായ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. 1885 കോടി വെട്ടിക്കുറച്ചത് മൊഹല്ല ക്ലിനിക്കുകളിലെ സൗജന്യ ചികിത്സയെ ബാധിക്കുമെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |