ആലുവ: മുൻ കേരളാ ഫുട്ബോൾ ടീം ക്യാപ്ടനും കേരളാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ പി.പൗലോസ് അന്തരിച്ചു. 76 വയസായിരുന്നു. ആലുവ നസ്റത്ത് ബംഗ്ലാവ് പറമ്പ് റോഡിൽ പാറയ്ക്കൽ വീട്ടിലായിരുന്നു താമസം. 1973ൽ ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ കേരളാ ടീമംഗമായിരുന്നു. ആ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ഇടതുവിംഗ് ബാക്കായിരുന്ന പൗലോസ്.എട്ട് വർഷത്തോളം കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിലംഗമായിരുന്നു. 1979ൽ ടീമിന്റെ ക്യാപ്ടനുമായിരുന്നു. ബൂട്ടഴിച്ച ശേഷം ഫുട്ബോൾ അസോസിയേഷൻ ഭാരവാഹിയായി ശ്രേദ്ധേയമായ പ്രവർത്തനം നടത്തി. 1993ൽ സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ടീമിന്റെ അസിസ്റ്റന്റ് മാനേജരുമായിരുന്നു.സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് ആലുവ സെന്റ്ഡൊമിനിക് പള്ളി സെമിത്തേരിയിൽ.
ഭാര്യ: കടവന്ത്ര കല്ലുവീട്ടിൽ മേരി. മക്കൾ: രമ്യ, അശ്വതി റോസ്. മരുമക്കൾ: ആരുൺ നൈനാൻ, ഡിവിൻ ദേവസി.
ഓർമ്മകളുടെ മൈതാനത്തേക്ക്
പൗലോസും യാത്രയായി
ആലുവ: ആലുവ സെന്റ് മേരീസ് ഹൈസ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് പി. പൗലോസ് ഫുട്ബോളിലേക്ക് പന്തടിച്ചെത്തുന്നത്.
കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ ട്രോഫി, കോതമംഗലം മാർ ബേസിൽ ട്രോഫി തുടങ്ങിയ ടൂർണമെന്റുകളിൽ സെന്റ്മേരീസ് ടീം തിളക്കമാർന്ന ആധിപത്യം പുലർത്തിയിരുന്നപ്പോൾ ടീമിന്റെ നെടുംതൂണായിരുന്നു പൗലോസ്.
പൗലോസ് അംഗമായിരുന്ന സംസ്ഥാന ജൂനിയർ ടീം രണ്ടു തവണ ദേശീയ ചാമ്പ്യന്മാരായി. കളി മികവിന്റെ പിൻബലത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെത്തിയ പൗലോസ് സർവകലാശാല മത്സരങ്ങളിലും തിളങ്ങി. 1971-72ൽ ദേശീയ ചാമ്പ്യന്മാരായ കോഴിക്കോട് സർവകലാശാല ടീമിലും പൗലോസ് ഉണ്ടായിരുന്നു. പ്രീമിയർ ടയേഴ്സ് ഫുട്ബോൾ ടീമിലൂടെ ദേശീയ തല മത്സരങ്ങളിലും പങ്കെടുത്തു.
1973ൽ സംസ്ഥാനത്തിന് കന്നി സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത ആ സ്വപ്ന സംഘത്തിൽ നിന്ന് യാത്രയാകുന്ന പതിമൂന്നാമനാണ് പൗലോസ്.
ബൂട്ടഴിച്ച ശേഷം നാല് പതിറ്റാണ്ടോളം ഫുട്ബോൾ അസോസിയേഷൻ ഭാരവാഹിയായി മികച്ച പ്രവർത്തനം നടത്തി. 12 വർഷം എറണാകുളം ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറിയായിരുന്നു. നിലവിൽ കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റാണ്.
ആലുവ മാർ അത്തനേഷ്യസ് അഖിലേന്ത്യ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബാൾ ടൂർണമെന്റിന്റെ മുഖ്യസംഘാടകരിൽ ഒരാളായിരുന്നു. ആലുവ അമച്വർസ് സ്പോർട്ട്സ് ക്ലബിന്റെ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ദിവസം ഡോൺ ബോസ്കോ ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ ആലുവ അമച്വർസ് സ്പോർട്ട്സ് ക്ലബ് ചാമ്പ്യന്മാരായത് അറിയാതെയാണ് പൗലോസിന്റെ മടക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |