മുംബയ്: ഹിന്ദി സ്റ്റാന്റപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ പരാമർശത്തിൽ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. തമാശ പറഞ്ഞാൽ ഞങ്ങൾക്ക് മനസിലാകും,എന്നാൽ തമാശക്കും ഒരു പരിധിയുണ്ട്. കുനാലിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന പ്രവർത്തകർ ഹോട്ടൽ കെട്ടിടം അടിച്ചുതകർത്തതിനെയും ഷിൻഡെ ന്യായീകരിച്ചു. ഒരു പ്രവർത്തനത്തിന് പ്രതികരണമുണ്ടാകുമെന്ന് മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്വേഷ പ്രസംഗം വഴി 39കാരനായ സ്റ്റാന്റപ്പ് കൊമേഡിയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന്. ഈ വ്യക്തി തന്നെയാണ് സുപ്രീംകോടതിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും പറഞ്ഞത്. ഇത് ആവിഷ്‍കാര സ്വാതന്ത്ര്യമല്ല,മറ്റാർക്കോ വേണ്ടി പണിയെടുക്കുകയാണ്-ഷിൻഡെ വിമർശിച്ചു. ഞായറാഴ്ച നടന്ന ഷോയിൽ കുനാൽ ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചെന്നാണ് ആരോപണം. 2022ൽ ഷിൻഡെ ശിവസേന പിളർത്തി കലാപമുണ്ടാക്കിയ നടപടി സൂചിപ്പിച്ച് 'ദിൽ തോ പാഗൽ ഹേ' എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടിയതാണു കുനാലിനെതിരെ പ്രതിഷേധമുയരാൻ കാരണം. അതിനു പിന്നാലെ പരിപാടി നടന്ന ഹോട്ടൽ ശിവസേന പ്രവർത്തകർ അടിച്ചുതകർത്തിരുന്നു. എന്നാൽ പരാമർശത്തിൽ മാപ്പു പറയില്ലെന്നാണ് കുനാലിന്റെ നിലപാട്. ആവിഷ്‍കാര സ്വാതന്ത്ര്യമാണ് താൻ വിനിയോഗിച്ചതെന്നും അതിന് മാപ്പു പറയേണ്ടതില്ലെന്നും പൊലീസിനോടും കോടതിയോടും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആവിഷ്‍കാര സ്വാതന്ത്ര്യം അടിച്ചമർത്താനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നാരോപിച്ച് കുനാലിന് പിന്തുണയുമായി പ്രതിപക്ഷമടക്കം രംഗത്തു വന്നു.
പ്രശസ്തിക്കു വേണ്ടി
കുനാൽ രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടിയാണ് ഈ പരാമർശം നടത്തിയതെന്ന് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ട്. ‘‘ രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടി ആളുകൾ മോശം പരാമർശങ്ങൾ നടത്തുമ്പോൾ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്നു നമ്മൾ ചിന്തിക്കണം. നിങ്ങൾ ആരുമാകാം,പക്ഷേ ഒരാളെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുപ്പോൾ മറ്റുള്ളവർക്ക് നിങ്ങളോടുള്ള ബഹുമാനമാണ് ഇല്ലാതാകുന്നത്. കോമഡിയുടെ പേരിൽ ജനങ്ങളെയും സംസ്കാരത്തെയും ദുരുപയോഗം ചെയ്യുന്നു. രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടി മറ്റുള്ളവരെ അപമാനിക്കുന്നവരുടെ യോഗ്യത എന്താണ്?’’- കങ്കണ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |