ന്യൂഡൽഹി: വരുംവർഷങ്ങളിൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതല്ല, കയറ്റുമതി ചെയ്യുന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്. ഗോവയിൽ തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് 'തവസ്യ'യുടെ ലോഞ്ചിംഗ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുൻപ് ഇറക്കുമതി ചെയ്യുന്നവർ എന്ന നിലയിലാണ് നമ്മൾ അറിയപ്പെട്ടിരുന്നത്. പക്ഷേ ഇന്ന് മറ്റുള്ളവരോട് യാചിക്കുന്ന ഒരു രാജ്യമല്ല നമ്മുടേത്, മറ്റൊരു രാജ്യത്തിന്റെ കണ്ണിൽ നോക്കിതന്നെ സംസാരിക്കുന്ന രാജ്യമാണ്'- സേത്ത് വ്യക്തമാക്കി. 2029ഓടെ 50,000 കോടിയുടെ പ്രതിരോധ കയറ്റുമതി ചെയ്യുക എന്ന ലക്ഷ്യത്തിലാണ് കേന്ദ്രസർക്കാർ. ഇതിനോടകം തന്നെ 100 രാജ്യങ്ങളിലേയ്ക്ക് ഇന്ത്യ പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്തുകഴിഞ്ഞു. ഫോറിൻ സപ്ളൈയർമാരെ ആശ്രയിക്കുന്നത് കുറച്ച് തദ്ദേശീയ നിർമാണം കൂടുതൽ പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം.
യുദ്ധക്കപ്പലുകളുടെ നിർമ്മാണം തദ്ദേശീയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഇതിനകം തന്നെ സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ച് കഴിഞ്ഞു. 'തവസ്യ' ഉൾപ്പെടെയുള്ള ട്രിപ്പുട്ട്-ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകൾ 56 ശതമാനം തദ്ദേശീയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. പുതിയ പദ്ധതിയിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 7,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിലേയ്ക്ക് ഏകദേശം 450 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
ഇന്ത്യൻ പ്രതിരോധ വ്യവസായ മേഖല ശക്തമായ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ആഗോള ആയുധ വിപണിയിൽ ഇന്ത്യയെ പ്രധാനിയാക്കുന്നതിൽ 2020ലെ പ്രതിരോധ ഉത്‌പാദന, കയറ്റുമതി പ്രോത്സാഹന നയം (ഡിപിഇപിപി) നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യ മിസൈലുകളും നാവിക കപ്പലുകളും ഉൾപ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങൾ ഒന്നിലധികം രാജ്യങ്ങളിലേക്ക് വിജയകരമായി കയറ്റുമതി ചെയ്തുകഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |