ബാങ്കേഴ്സ് സമിതിയുടെ ശുപാർശ
അനുചിതമെന്ന് ഹൈക്കോടതി
കൊച്ചി: ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട മുണ്ടക്കൈ, ചൂരൽമലക്കാരെ കൈയൊഴിഞ്ഞ് കേന്ദ്രം. ഇവരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ല. പകരം ഒരു വർഷത്തെ മോറട്ടോറിയം നൽകും. മുതലും പലിശയും പുനഃക്രമീകരിക്കും. ഹൈക്കോടതിയിലാണ് നിലപാടറിയിച്ചത്. ഭൂമിയും സമ്പാദ്യവും നഷ്ടപ്പെട്ടവർ എന്തുചെയ്യുമെന്ന് ചോദിച്ച കോടതി, കേന്ദ്ര നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വായ്പകൾ എഴുതിത്തള്ളുന്ന കീഴ്‌വഴക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടി.
സംസ്ഥാനതല ബാങ്കേഴ്സ് സമിതി ശുപാർശ ഇപ്രകാരമാണെന്ന് കേന്ദ്രത്തിന് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ചാണ് മോറട്ടോറിയം. വായ്പയിൽ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കും.
ബാങ്കുകളുടെ ഈ നിലപാട് തീർത്തും അനുചിതമാണെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് എസ്. ഈശ്വരനും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജിയാണ് പരിഗണിച്ചത്. കടാശ്വാസത്തിന് സ്വീകരിക്കുന്ന നടപടികളിൽ വ്യക്തത വരുത്തി ഏപ്രിൽ 7നകം വിശദ സത്യവാങ്മൂലം സമർപ്പിക്കണം. ഏപ്രിൽ 9ന് വീണ്ടും പരിഗണിക്കും.
ബാങ്കേഴ്സ് യോഗത്തിൽ
മുഖ്യമന്ത്രിയും പങ്കെടുത്തു
കേന്ദ്രം: ഒാരോ വായ്പയുടേയും സ്വഭാവം പ്രത്യേകം പരിശോധിക്കേണ്ടതുണ്ടെന്നാണ് ബാങ്കേഴ്സ് സമിതി പറയുന്നത്
കോടതി: അത് വായ്പ ഈടാക്കുന്നവരുടെ ശുപാർശയല്ലേ. മോറട്ടോറിയം കാലയളവിലും പലിശ ഈടാക്കുമല്ലോ. ഇത് മനസിലാക്കേണ്ടതല്ലേ
കേന്ദ്രം: തീരുമാനമെടുത്ത ബാങ്കേഴ്സ് സമിതി യോഗത്തിൽ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു
കോടതി: കേന്ദ്ര സർക്കാർ സ്വതന്ത്ര തീരുമാനമെടുക്കുകയല്ലേ വേണ്ടത്
കേന്ദ്രം: കൊവിഡ് കാലത്തും ബാങ്കുകൾ വായ്പ എഴുതിത്തള്ളിയിട്ടില്ല
കോടതി: കേന്ദ്ര തീരുമാനപ്രകാരം 2008-09ൽ വായ്പകൾ എഴുതിത്തള്ളിയ ചരിത്രമുണ്ട്
529 കോടി വിനിയോഗം:
വ്യക്തത വരുത്തി
വയനാട് പുനരധിവാസത്തിനനുവദിച്ച 529.50 കോടി പലശിരഹിത വായ്പയുടെ വിനിയോഗത്തിനുള്ള സമയപരിധിയിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തി. തുക വിവിധ നടത്തിപ്പ് ഏജൻസികൾക്ക് കൈമാറാനുള്ള സമയപരിധിയാണ് ഈ വർഷം ഡിസംബർ 31. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള തീയതിയല്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു. ഫണ്ട് വിവിധ വകുപ്പുകൾക്ക് കൈമാറിയശേഷം സംസ്ഥാനം യൂട്ടിലിറ്റി സർട്ടിഫിക്കറ്ര് നൽകിയാൽ അംഗീകാരം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |