തിരുവനന്തപുരം : മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന് ഭാഗമായി ആകെയുള്ള 59 മാലിന്യക്കൂനകളിൽ 24 എണ്ണം പൂർണമായും നീക്കം ചെയ്തെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിലൂടെ 56.25 ഏക്കർ ഭൂമി വീണ്ടെടുത്തു. ബ്രഹ്മപുരം ഉൾപ്പെടെ 10 ഇടങ്ങളിൽ പ്രവർത്തനം അവസാനഘട്ടത്തിൽ. ബാക്കിയുള്ള സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ബ്രഹ്മപുരത്ത് ബയോമൈനിംഗ് അവസാനഘട്ടത്തിലാണ്. ഇതിനകം 24.2 ഏക്കർ ഭൂമി വീണ്ടെടുത്തു. ഈ പ്രദേശത്ത് ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുകയാണ്. മാസങ്ങൾക്കുള്ളിൽ ബയോമൈനിംഗ് പൂർത്തിയാക്കാനാവും.
ബി.പി.സി.എല്ലിന്റെ സിബിജി പ്ലാന്റ് നിർമ്മാണം ഇവിടെ അതിവേഗം പുരോഗമിക്കുകയാണ്. ട്രയൽ റൺ ആരംഭിച്ചു. ഈ പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി 110 ഏക്കറിൽ 706.55 കോടിയുടെ വിപുലമായ മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അതോടെ ബ്രഹ്മപുരം പൂങ്കാവനമാകും.സമ്പൂർണമായി മാലിന്യമുക്തമായ തദ്ദേശ സ്ഥാപനങ്ങളുടെ പ്രഖ്യാപനം ഈമാസം 30ന് നടക്കും. ഇതിന്റെ ഭാഗമായി 8337 മാലിന്യമുക്ത വാർഡുകളുടെ പ്രഖ്യാപനം പൂർത്തിയായി. 126 ഗ്രാമപഞ്ചായത്തുകളും 13 മുൻസിപ്പാലിറ്റികളും മാലിന്യമുക്തമായി പ്രഖ്യാപിച്ചു. നിലവിൽ 50 തദ്ദേശ സ്ഥാപനങ്ങളാണ് പിന്നിൽ . ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി ഹരിത കേരളമിഷന്റെ നേതൃത്വത്തിൽ 5997.56 കിലോമീറ്റർ നീർച്ചാലിൽ 3771.12 കിലോമീറ്ററിലെ മാലിന്യം നീക്കി വീണ്ടെടുത്തു.
പിഴ 5.70 കോടി
2023 മാർച്ച് മുതൽ 2025 മാർച്ച് വരെ അനധികൃത മാലിന്യ നിക്ഷേപത്തിന് 5.70കോടി രൂപയാണ് പിഴ ചുമത്തിയത്. 3557 കേന്ദ്രങ്ങളിൽ ക്യാമറ സ്ഥാപിച്ചു.മാലിന്യ നിക്ഷേപം സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി അറിയിക്കാനുള്ള വാട്ട്സാപ്പ് നമ്പരിൽ
5495 പരാതികളാണ് ലഭിച്ചത്. ഇതിൽ നിന്ന് 22.55 ലക്ഷം രൂപ പിഴ ഈടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |