
തിരുവനന്തപുരം: കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ വികെ പ്രശാന്തിന്റെ ഓഫീസിന്റെ പേരിലുള്ള വിവാദത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ വിവി രാജേഷ്. തന്റെ ഓഫീസ് പ്രവർത്തിപ്പിക്കാൻ ഓഫീസ് ഒഴിഞ്ഞു നൽകണമെന്ന് വാർഡ് മെമ്പർ ആർ ശ്രീലേഖ എംഎൽഎയോട് ആവശ്യപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. സംഭവം ഇത്രത്തോളം രാഷ്‌ട്രീയവൽക്കരിക്കേണ്ടതില്ലെന്നും വികെ പ്രശാന്തുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ശ്രീലേഖ അത്തരമൊരാവശ്യം പറഞ്ഞതെന്നും മേയർ പറഞ്ഞു.
'എല്ലാ കാര്യങ്ങളും പാർട്ടിയോട് പറയണമെന്നില്ല. ഇങ്ങനെയൊരു ചർച്ച വന്ന സ്ഥിതിക്ക് ഇത്തരത്തിൽ കോർപ്പറേഷൻ കെട്ടിടം വാടകയ്‌ക്ക് കൊടുക്കുന്നതിലെ രേഖകൾ പരിശോധിക്കും. 300 സ്‌ക്വയർ ഫീറ്റ് റൂം 832 രൂപയ്‌ക്കാണ് നൽകിയിരിക്കുന്നത്. എംഎൽഎ ഓഫീസിന് ഇളവ് നൽകാവുന്നതാണ്. രേഖകൾ പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ പറയാം. സ്വകാര്യ വ്യക്തികൾക്ക് കോർപ്പറേഷൻ കെട്ടിടം കുറഞ്ഞ വാടകയ്‌ക്ക് കൊടുത്തിട്ടുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നടത്തും'- വിവി രാജേഷ് പറഞ്ഞു.
ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ഫോണീലൂടെയാണ് സ്ഥലം കൗൺസിലറായ ആർ ശ്രീലേഖ വികെ പ്രശാന്തിനോട് ആവശ്യപ്പെട്ടത്. കെട്ടിടത്തിലുള്ള വാർഡ് കൗൺസിലറുടെ ഓഫീസിന് സൗകര്യമില്ലാത്തതിനാൽ അതിനോട് ചേർന്ന് പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണമെന്നതായിരുന്നു ശ്രീലേഖയുടെ ആവശ്യം. എന്നാൽ, ഇത് അംഗീകരിക്കാനാകില്ലെന്ന് എംഎൽഎ പ്രതികരിച്ചു. കൗൺസിൽ തനിക്ക് അനുവദിച്ച സമയപരിധി മാർച്ച് 31 വരെയാണെന്നും അതുവരെ ഒഴിയാൻ കഴിയില്ലെന്നുമാണ് എംഎൽഎ പ്രതികരിച്ചത്. ഇതോടെ സഹോദരി സ്ഥാനത്ത് നിന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് ശ്രീലേഖ വിശദീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |