ആറ്റിങ്ങൽ: ഓൺലൈൻ ട്രെഡിംഗിലൂടെ ആറ്റിങ്ങൽ സ്വദേശിയിൽ നിന്ന് 45 ലക്ഷം തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. പാലക്കാട് കൊല്ലങ്കോട് കവലക്കോട് കീഴ്‌പട ഹൗസിൽ ഹിതകൃഷ്ണ (30) യാണ് പിടിയിലായത്. ആറ്റിങ്ങൽ ഇടയ്ക്കോട് സ്വദേശിയായ കിരൺകുമാറിൽ നിന്ന് പണംതട്ടിയ കേസിലാണ് അറസ്റ്റ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്യൂമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രെഡിംഗ് സ്ഥാപനത്തിലെ ഫ്രാഞ്ചെസിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
2022 ഏപ്രിൽ 30ന് പരാതിക്കാരന്റെ ആറ്റിങ്ങലിലെ വീട്ടിൽ വച്ച് ഓൺലൈൻ ട്രെഡിംഗിന്റെ ഡെമോ കാണിച്ച ശേഷം ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ബാങ്ക് അകൗണ്ട് വഴി പണം വാങ്ങിയത്. എന്നാൽ പണം നഷ്ടപ്പെട്ട വിവരം മനസിലായതോടെ കിരൺകുമാർ ആറ്റിങ്ങൽ സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞതോടെ ഒളിവിൽപ്പോയ പ്രതി തിരുവനന്തപുരം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യത്തിന് ശ്രമിച്ചു. എന്നാൽ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതി അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. അടുത്തിടെ കൊച്ചിയിൽ പ്രതി എത്തിയിട്ടുണ്ടെന്ന തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.
എസ്.എച്ച്.ഒ ഗോപകുമാർ.ജി,എസ്.ഐ ജിഷ്ണു എം.എസ്,എസ്.സി.പി.ഒമാരായ പ്രശാന്ത്.എസ്.പി, പ്രശാന്ത്.എസ്,സി.പി.ഒ അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ട്രെഡിംഗിലൂടെ പണമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പേരിൽനിന്ന് ഇവർ പണം തട്ടിയതായി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിയെടുത്ത പണം കൊണ്ട് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |