കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താൻ പൊലീസിനുള്ള അധികാരം ദുരുപയോഗം ചെയ്യരുതെന്ന് ഹൈക്കോടതി. പൊലീസിന്റെ അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമല്ല. ഇത്തരത്തിലുള്ള ദുർവിനിയോഗം തടയാനും വകുപ്പുകളുണ്ടെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
പ്രതിയുടെ അഭിഭാഷകന് നോട്ടീസ് നൽകിയ ഞാറക്കൽ സബ് ഇൻസ്‌പെക്ടർക്കെതിരായ ഹർജി തീർപ്പാക്കിയുള്ള ഉത്തരവിലാണ് സിംഗിൾബെഞ്ചിന്റെ നിരീക്ഷണം. അഭിഭാഷകൻ കെ.കെ.അജികുമാറാണ് ഹർജി നൽകിയത്. ഫോറിനേഴ്‌സ് ആക്ടിന്റെ ലംഘനമാരോപിച്ച് അറസ്റ്റുചെയ്ത ബംഗാൾ സ്വദേശികളായ ദമ്പതികളുടെ അഭിഭാഷകനാണ് ഹർജിക്കാരൻ. പ്രതികളുമായി നടത്തിയ ആശയവിനിമയത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിയാനാണ് പൊലീസ് നോട്ടീസ് നൽകിയത്. ഇത് അധികാര ദുർവിനിയോഗമാണെന്ന് കോടതി വിലയിരുത്തി.
അഭിഭാഷകനെന്നാൽ കോടതിയിൽ കക്ഷിയുടെ പ്രതിനിധിയായി ഹാജരാകുന്നയാളാണ്. അവർ തമ്മിലുള്ള ആശയവിനിയമം രഹസ്യമാക്കി വയ്‌ക്കാൻ നിയമപരമായ പരിരക്ഷയുണ്ട്. ഇത് പൊലീസിനോട് വെളിപ്പെടുത്താൻ അഭിഭാഷകന് ബാദ്ധ്യതയില്ല. തൊഴിൽപരമായ കാര്യങ്ങൾ അറിയാൻ നോട്ടീസ് നൽകുന്നത് ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കൈകടത്തലാണെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ ഞാറക്കൽ എസ്.ഐ അഖിൽ വിജയകുമാറിനെ കോടതി നേരിട്ട് വിളിച്ചു വരുത്തിയിരുന്നു. നോട്ടീസ് പിൻവലിച്ചതായി എസ്.ഐ അറിയിച്ച സാഹചര്യത്തിലാണ് ഹർജി തീർപ്പാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |