തിരുവനന്തപുരം: ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി ചാർജ് കൂടും. യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് വർദ്ധന. കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ച നിരക്ക് വർദ്ധനവാണ് ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്നത്. വെള്ളക്കരവും അഞ്ച് ശതമാനം വർദ്ധിക്കും.
2027 വരെയുള്ള വൈദ്യുതി നിരക്കാണ് റഗുലേറ്ററി കമ്മീഷൻ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നത്. 2025- 26 സാമ്പത്തിക വർഷത്തെ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽ വരും. ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് വർദ്ധന. ഫിക്‌സഡ് ചാർജും അഞ്ച് മുതൽ 30 രൂപ വരെ വിവിധ സ്ലാബ് അടിസ്ഥാനത്തിൽ കൂടും. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ദ്വൈമാസ ബില്ലിൽ ഫിക്‌സഡ് ചാർജ് ഉൾപ്പെടെ 32 രൂപയാണ് കൂടുക. ചാർജ് വർദ്ധനവിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്‌ഇബി ലക്ഷ്യമിടുന്നത്. ഇതിന് പുറമേ ഏപ്രിൽ മാസം യൂണിറ്റിന് ഏഴ് പൈസ വച്ച് ഇന്ധന സർചാർജും ഈടാക്കും.
വെള്ളക്കരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള അഞ്ച് ശതമാനം വര്‍ദ്ധനവാണ് ഉണ്ടാവുക. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി ഇത് ഒഴിവാക്കിയിരുന്നു. ഇത്തവണ ഇത് ഒഴിവാക്കികൊണ്ടുള്ള ഉത്തരവൊന്നും വന്നിട്ടില്ല. അതിനാല്‍ നിരക്ക് വര്‍ദ്ധന ഉണ്ടാകുമെന്നാണ് ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മൂന്നര മുതല്‍ 60 രൂപ വരെ വെള്ളത്തിന്റെ വിലയിൽ വർദ്ധനവുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |