ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ഒരു ചിത്രം കാരണം സോഷ്യൽ മീഡിയയിൽ ബോഡി ഷെയ്‌മിംഗിന് ഇരയാവുകയാണ് ബോളിവുഡ് താരം സറീൻ ഖാൻ. സ്‌ട്രെച്ച് മാർക്കുള്ള തന്റെ വയർ കാണുന്ന ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ താരത്തെ പരിഹസിച്ച് നിരവധിപേർ രംഗത്തുവരികയായിരുന്നു. തുടർന്ന് സറീനിന് പിന്തുണയുമായി ബോളിവുഡ് നടി അനുഷ്‌ക ശർമ്മ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
വെള്ള ടീഷർട്ട് ധരിച്ച് നിൽക്കുന്ന രാജസ്ഥാനിൽ വച്ചുള്ള ഒരു ചിത്രമാണ് സറീൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് രൂക്ഷമായ ബോഡിഷെയ്മിങ് നേരിടേണ്ടി വന്നത്. താരത്തിന്റെ സ്‌ട്രെച്ച്മാർക്കുള്ള വയറാണ് പരിഹാസത്തിനിടയാക്കിയത്. ഇത്തരത്തിലുള്ള വയറുകൾമറച്ചുവെക്കണം എന്നാണ് വിമർശകർ പറഞ്ഞത്. ഇതിന് പിന്നാലെ വിമർശകരെ വായടപ്പിക്കുന്ന മറുപടിയുമായി താരം രംഗത്തെത്തി.
50 കിലോ ഭാരം കുറഞ്ഞ ആളുകളുടെ വയർ ഇങ്ങനെയായിരിക്കും എന്നാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ താരം പറഞ്ഞത്. ഫോട്ടോഷോപ്പ് ചെയ്തില്ലെങ്കിലും ഓപ്പറേഷന് വിധേയമായില്ലെങ്കിലും വയർ ഇങ്ങനെയായിരിക്കും ഇരിക്കുക. റിയൽ ആയിരിക്കുന്നതിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്റെ അപൂർണതകളിൽ അഭിമാനിക്കുന്നുണ്ടെന്നും അല്ലാതെ അവ മൂടിവെക്കേണ്ട കാര്യമില്ലെന്നുമാണ് താരം കുറിച്ചത്. തനിക്ക് പിന്തുണ പ്രഖ്യാപിച്ച അനുഷ്‌കയ്ക്ക് നന്ദി പറയാനും സറീൻ മറന്നില്ല.
ഈ വർഷം ആദ്യം സ്‌കൂൾ കാലഘട്ടത്തിൽ അമിതഭാരത്തെത്തുടർന്ന് അനുഭവിക്കേണ്ട പ്രശ്‌നങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. 100 കിലോ ഭാരം തനിക്കുണ്ടായിരുന്നെന്നും ഒരുപാട് പരിഹാസത്തിന് ഇരയായിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സൽമാൻ നായകനായി എത്തിയ വീർ എന്ന ചിത്രത്തിലൂടെ 2010 ലാണ് സറീന നായികയായി എത്തിയത്. ഹൗസ്‌ഫുൾ 2, ഹേറ്റ് സ്റ്റോറി 3, 1921 എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |