ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി. കാമാഖ്യ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിന്റെ പതിനൊന്ന് എസി ബോഗികളാണ് പാളം തെറ്റിയത്. കട്ടക്കിലെ നെർഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തായി ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒഡീഷ അഗ്നിരക്ഷാസേന ഡയറക്‌ടർ ജനറൽ സുധാംഷു സരാംഗി അറിയിച്ചു. എൻഡിആർഎഫ് സംഘങ്ങളും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരുവിൽ നിന്ന് ആസാമിലെ ഗുവഹാട്ടിയിലുള്ള കാമാഖ്യ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അപകട സ്ഥലത്തേയ്ക്ക് ട്രെയിൻ അയച്ചതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ അശോക് കുമാർ മിശ്ര അറിയിച്ചു. അപകടത്തിനിരയായവരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പാടാക്കി. അപകടത്തെത്തുടർന്ന് ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും അദ്ദേഹം വ്യക്തമാക്കി. ധൗലി എക്സ്പ്രസ്, നീലാചൽ എക്സ്പ്രസ്, പുരുലിയ എക്സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിട്ടത്. സഹായത്തിനായി 8455885999, 8991124238 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് റെയിൽവേ അറിയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |