ന്യൂഡൽഹി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദം പാർലമെന്റിൽ ഉന്നയിക്കാൻ സിപിഎം. മറ്റ് സഭാ നടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എം പി രാജ്യസഭാ അദ്ധ്യക്ഷന് കത്ത് നൽകി. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം സംഘപരിവാർ നടത്തുകയാണെന്നും ഇതാണ് എമ്പുരാൻ വിഷയത്തിൽ പ്രകടമാകുന്നതെന്നും റഹീം പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങി പാർട്ടി നേതാക്കളും മന്ത്രിമാരും തിയേറ്ററിലെത്തി എമ്പുരാൻ കണ്ട് ചിത്രത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും സംഘപരിവാർ ആക്രമണത്തെ എതിർത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്റിൽ വിഷയം ഉന്നയിക്കാൻ സിപിഎം തീരുമാനിച്ചത്.
വിവാദം പുകയുന്ന എമ്പുരാൻ സിനിമയുടെ മൂന്ന് മിനിട്ട് കട്ട് ചെയ്ത ന്യൂ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. ഇന്നലെ വൈകിട്ടോടെ എത്തിക്കാനായിരുന്നു ശ്രമം. എല്ലാ സങ്കേതിക പ്രവർത്തനവും പൂർത്തിയാക്കി മാസ്റ്റർ പ്രിന്റിലേക്കെത്താൻ വൈകി. ഞായറാഴ്ച യോഗം ചേർന്ന സെൻസർ ബോർഡിനു മുന്നിൽ വീണ്ടും എഡിറ്റ് ചെയ്ത പ്രിന്റ് നിർമ്മാതാക്കൾ എത്തിച്ചിരുന്നു. തുടർച്ച കിട്ടുന്നതിനായി ഡബ്ബിംഗ് ഉൾപ്പെടെ ചെയ്യേണ്ടി വന്നു. ബാബ ബജ്രംഗി എന്ന വില്ലന്റെ പേര് മാറ്റിയിട്ടുണ്ട്. 18 ഇടത്താണ് ഈ പേര് പറയുന്നത്. മോഹൻലാൽ രണ്ട് പ്രാവശ്യം പറയുന്നുണ്ട്. ഇതെല്ലാം വീണ്ടും ഡബ്ബ് ചെയ്യേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |