ചെന്നൈ: തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും അണ്ണാമലൈയെ ബിജെപി മാറ്റുമെന്നുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സഖ്യത്തിലുള്ള എഐഡിഎംകെയെ പ്രതിരോധത്തിലാക്കി മുൻപ് അണ്ണാമലൈ പലപ്പോഴും പ്രസ്‌താവനകൾ നടത്തിയിരുന്നു. ഇതിനുള്ള ശിക്ഷയാണ് എന്ന് വാദം ഉണ്ടായെങ്കിലും അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങൾ ഇത് നിഷേധിച്ചിരുന്നു.
ജയലളിത സർക്കാരിൽ മന്ത്രിയായിരുന്ന ബിജെപി നിയമസഭാ കക്ഷി നേതാവ് നൈനാർ നാഗേന്ദ്രനെ പാർട്ടി തമിഴ്‌നാട് അദ്ധ്യക്ഷനാക്കും എന്നാണ് വിവരം. 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി എഐഡിഎംകെയുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കാനാണ് ഈ നടപടിയെന്നാണ് അണ്ണാമലൈയുമായി അടുപ്പമുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്‌ച എഐഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പഴനിസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്‌ചയിൽ അണ്ണാമലൈയെ മാറ്റണമെന്ന് എടപ്പാടി ആവശ്യപ്പെട്ടിരുന്നു. 2024ൽ പാർട്ടിയുമായി ബിജെപി അകന്നതോടെയാണ് സഖ്യം തകർച്ചയുടെ വക്കിലെത്തിയത്. പിന്നാലെ കഴിഞ്ഞയാഴ്‌ച അണ്ണാമലൈയെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അമിത് ഷായുമായി മണിക്കൂർ നീണ്ട ചർച്ചയ്‌ക്ക് ശേഷമാണ് അണ്ണാമലൈ പുറത്തുവന്നത്. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ട നിർദ്ദേശങ്ങൾ റിപ്പോർട്ടായി അണ്ണാമലൈ സമർപ്പിച്ചു. തന്റെ പാർട്ടിയോടുള്ള കൂറും അദ്ദേഹം വ്യക്തമാക്കി. 2026 തിരഞ്ഞെടുപ്പിൽ അണ്ണാമലൈയ്‌ക്ക് മികച്ച ഉത്തരവാദിത്വം തന്നെ പാർട്ടി ഏൽപ്പിക്കും എന്നാണ് വിവരം.
ഡിഎംകെയ്‌ക്കെതിരെ മാത്രം പോരടിച്ചാൽ മതിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ബിജെപി ദേശീയ അദ്ധ്യക്ഷനായി പുതിയയാളെ തിരഞ്ഞെടുത്ത ശേഷം മാത്രമാകും അണ്ണാമലൈയെ സ്ഥാനത്ത് നിന്നും നീക്കുക എന്നാണ് വിവരം. ജാതിസമവാക്യങ്ങളും കേന്ദ്ര ബിജെപി നേതൃത്വം കണക്കാക്കുന്നുണ്ട്. ഉന്നത വിഭാഗമായ ഗൗണ്ടർ സമുദായാംഗമാണ് അണ്ണാമലൈ അതേസമയം നൈനാർ നാഗേന്ദ്രൻ മറ്റൊരു പ്രബലമായ സമുദായമായ തേവർ സമുദായാംഗമാണ്. അതുവഴി എഐഡിഎംകെ-ബിജെപി ബന്ധം ദൃഢമാക്കാനും കൂടിയാണ് പാർട്ടി തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |