തിരുവനന്തപുരം: എണ്ണയും ഷാംപുവുമിട്ട് തിരുമ്മിയും തലോടിയും ഏറെ ഇഷ്ടപ്പെട്ട് പരിപാലിച്ച മുടിയിഴകൾ. അവ മുറിച്ചിടുമ്പോൾ അവർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി. പൊട്ടിത്തെറിച്ചു. ചിലർ പൊട്ടിക്കരഞ്ഞു. സെക്രട്ടേറിയറ്റിനുമുന്നിലെ സമരപ്പന്തലിൽ നിരന്നിരുന്ന് മുടിമുറിച്ച് പ്രതിഷേധിക്കുകയായിരുന്നു ആശാവർക്കർമാർ. രാപകൽ സമരം അൻപതാം ദിവസത്തിലെത്തിയിട്ടും സർക്കാർ നിന്ദ്യമായി അവഗണിക്കുന്നതിനെതിരെയായിരുന്നു മുടിമുറിച്ചും തലമുണ്ഡനം ചെയ്തുമുള്ള പ്രതിഷേധം.
''കറയറ്റ കമ്മ്യൂണിസ്റ്രുകാരന്റെ മകളാണ് ഞാൻ. 18 വയസുമുതൽ പാർട്ടിക്കു വേണ്ടി ജീവിക്കുന്നു. പാർട്ടിക്കു വേണ്ടി മരിക്കാൻപോലും തയ്യാറായ ഞങ്ങളോട് മുഖ്യമന്ത്രി ഈ ചതി ചെയ്യുമെന്ന് കരുതിയില്ല'' തലമുണ്ഡനം ചെയ്തശേഷം തിരുവല്ലം സ്വദേശി പത്മജം പൊട്ടിക്കരഞ്ഞു.
രാവിലെ പത്തരയോടെ വിവിധ ജില്ലകളിൽ നിന്നെത്തിയ ആശാപ്രവർത്തകർ മുടിയഴിച്ചിട്ട് പ്രകടനം നടത്തി. തുടർന്നാണ് മുടിമുറിച്ച് പ്രതിഷേധിച്ചത്. പത്മജവും ചെമ്മരുതി സ്വദേശി ബീനയും തലമുണ്ഡനം ചെയ്തു. മുറിച്ചെടുത്ത മുടിയുമായി വീണ്ടും പ്രകടനം. തുടർന്ന് മുടിക്കെട്ടുകൾ ചരടിൽകോർത്ത് സമരപ്പന്തലിന് മുന്നിൽ പ്രദർശിപ്പിച്ചു. തങ്ങളുടെ പ്രാണവേദന അംഗീകരിക്കാത്ത സർക്കാരിനോടുള്ള പ്രതിഷേധം സങ്കടക്കണ്ണീരായി അണപൊട്ടി.
തോരാസങ്കടം
''നല്ലൊരു പെരുന്നാൾ ദിനത്തിൽ തെരുവിൽ മുടിമുറിച്ച് പ്രതിഷേധിക്കേണ്ടിവന്ന ഞങ്ങൾ ജീവിതം വഴിമുട്ടിയവരാണ്. 75ശതമാനം ശാരീരിക വൈകല്യമുള്ള 29വയസുള്ള മകളുടെ അമ്മയാണ് ഞാൻ. ഭർത്താവ് രോഗിയാണ്. 230 രൂപ വേതനത്തിൽ ഞങ്ങളെങ്ങനെ ജീവിക്കും'' മുടിമുറിച്ച ശേഷം പള്ളിച്ചൽ സ്വദേശി ഉഷയ്ക്ക് കണ്ണീരടക്കാനായില്ല. നിരാഹാര സമരം നടത്തുന്ന ആശമാരും മുടിമുറിക്കലിൽ പങ്കാളികളായി. സമരപ്പന്തലിൽ എത്താനാവാത്ത ആശമാർ വീടുകളിലും പൊതുസ്ഥലങ്ങളിലുമിരുന്ന് മുടിമുറിച്ച് പ്രതിഷേധിച്ചു.
മുടിമുറിച്ച് വൈദികനും
ആരോഗ്യമന്ത്രി വീണാജോർജിന്റെ മണ്ഡലത്തിൽ നിന്നെത്തിയ പത്തനംതിട്ട മാരാമൺ സ്വദേശിയും മാർത്തോമാസഭ വൈദികനുമായ ഫാദർ രാജു പി.ജോർജും തന്റെ മുടിമുറിച്ച് ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അർഹമായ വേതനത്തിനായി നിസഹായരായ സ്ത്രീകൾ നടത്തുന്ന സമരം ആരോഗ്യമന്ത്രി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താൻ സമരത്തിനെത്തിയത് ക്രിസ്തുവിന്റെ സ്നേഹത്താലാണെന്നും വ്യക്തമാക്കി. മാർത്തോമാസഭ പരിസ്ഥിതി സമിതിയംഗം ഫാദർ വി.എം മാത്യുവും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |