കൊച്ചി: വിവാഹമോചിതയായ യുവതിയിൽനിന്ന് വിവാഹവാഗ്ദാനം നൽകി 19 ലക്ഷം രൂപ തട്ടിയ കേസിൽ കൂട്ടുപ്രതിയായ തട്ടിപ്പുകാരന്റെ ഭാര്യ പൊലീസിന്റെ പിടിയിലായി. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി. തൃശൂർ പൂമംഗലം പാളയംകോട് വീട്ടിൽ പി.എസ്. നിതയെയാണ് (24) കളമശേരി പൊലീസ് അറസ്റ്റുചെയ്തത്. ആലപ്പുഴ സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. ഏതാനും മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവംനിതയുടെ ഭർത്താവ് ഫഹദ് വിദേശത്തിരുന്നാണ് തട്ടിപ്പ് നടത്തിയത്. വ്യാജ തിരിച്ചറിയൽ രേഖയും മറ്റും ഉപയോഗിച്ച് ഇയാൾ മാട്രിമോണി സൈറ്റിൽ അക്കൗണ്ട് തുറന്ന് തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു. വിവാഹ മോചിതനാണെന്നും മറ്റുമാണ് പരാതിക്കാരിയെ ധരിപ്പിച്ചത്. വിവാഹവാഗ്ദാനം നൽകി പലതവണകളിലായി പരാതിക്കാരിയിൽനിന്ന് ലക്ഷങ്ങൾ കൈക്കലാക്കുകയായിരുന്നു. പല അക്കൗണ്ടിലായാണ് ഇയാൾ പണം വാങ്ങിയിരുന്നത്.
തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾ കൈക്കലാക്കിയ 19 ലക്ഷത്തിൽ അഞ്ച് ലക്ഷത്തിലധികം രൂപ നിതയുടെ അക്കൗണ്ടിലേക്കും എത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കേസിൽ പ്രതിചേർത്തത്. തട്ടിപ്പിൽ പങ്കില്ലെന്ന് ഇവർ പറഞ്ഞെങ്കിലും പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.
കളമശേരി എസ്.എച്ച്.ഒ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ ,എ.എസ്.ഐ ഷിനി പ്രഭാകർ, എസ്.സി.പി.ഒ സിനു ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |