ടെഹ്‌റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബോംബ് ഭീഷണിയിൽ കുലുങ്ങാതെ ഇറാൻ. യുഎസിന് ആവശ്യമെങ്കിൽ തിരിച്ചടി നൽകാൻ ഭൂഗർഭ മിസൈലുകൾ സജ്ജീകരിക്കുകയാണ് ഇറാനെന്ന് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ആണവ വികസന പദ്ധതിയിൽ കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതിനുപുറമേ രണ്ടാംഘട്ട നികുതിയും ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് പ്രസിഡന്റ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാൻ തങ്ങളുടെ മിസൈലുകൾ റെഡി-ടു-ലോഞ്ച് മോഡിൽ സജ്ജീകരിച്ചിരിക്കുകയാണെന്നാണ് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്. വ്യോമാക്രമണങ്ങളെ ചെറുക്കാൻ ശേഷിയുള്ള മിസൈലുകളാണിത്. തങ്ങളുടെ ഭൂഗർഭ മിസൈൽ ശേഖരത്തിന്റെ ദൃശ്യങ്ങൾ ഇറാൻ അടുത്തിടെ പുറത്തുവിട്ടിരുന്നു. 'മിസൈൽ സിറ്റി' എന്നാണ് ഈ സ്ഥലത്തെ ഇറാൻ റെവല്യൂഷൻറി ഗാർഡ് വിശേഷിപ്പിച്ചത്. ഇറാനിയൻ ട്രൂപ് ഇസ്രയേലിന്റെ ദേശീയ പതാകയിൽ ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
'നമ്മൾ സംഭാഷണങ്ങൾ ഒഴിവാക്കാറില്ല. വാഗ്ദാനങ്ങളുടെ ലംഘനങ്ങളാണ് ഇതുവരെയും നമുക്ക് പ്രശ്നങ്ങളുണ്ടാക്കിയത്. വിശ്വസിക്കാൻ കൊള്ളാവുന്നവരാണെന്ന് അവർ തെളിയിക്കട്ടെ'- എന്നാണ് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ട്രംപിന്റെ ഭീഷണിയിൽ പ്രതികരിച്ചത്. ട്രപ് ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാണെന്നും ആണവ പദ്ധതി വികസിപ്പിക്കാൻ ഇറാനെ അനുവദിക്കാൻ സാധിക്കില്ലെന്നുമാണ് വാഷിംഗ്‌ടൺ ഇറാന് മറുപടി നൽകിയത്. യുറേനിയം സമ്പുഷ്‌ടീകരണം വഴി ആണവായുധ നിർമ്മാണമാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നാണ് പടിഞ്ഞാറൻ ശക്തികളായ രാജ്യങ്ങളുടെ വാദം. എന്നാൽ പൊതുജനങ്ങളുടെ ഊർജ ആവശ്യങ്ങൾക്കായാണ് ഇത് ചെയ്യുന്നതെന്നാണ് ഇറാന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |