കാട്ടാക്കട: കാട്ടാക്കടയിൽ സ്പെയർ പാർട്സ് കടയും സ്കൂട്ടറുകളും കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാറനല്ലൂർ പുന്നാവൂർ സ്വദേശി ഉണ്ണിയാണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 20ന് രാത്രി 11.50ഓടെയാണ് കാട്ടാക്കട തിരുവനന്തപുരം റോഡിൽ പി.എൻ.എം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് കിള്ളി കൂന്താണി അപർണ ഭവനിൽജയന്റെ(മണിക്കുട്ടൻ) എം.ജെ ആട്ടോമൊബൈൽസ് ടൂവീലർ സ്പെയർ പാർട്സ് സ്ഥാപനത്തിൽ തീപിടിച്ചത്.
സംഭവം നടക്കുമ്പോൾ കടയ്ക്ക് മുമ്പിൽ വച്ചിരുന്ന നാല് ബൈക്കുകൾക്ക് സമീപം ഒരാൾ നിൽക്കുന്നതായി കണ്ടെന്ന് സമീപവാസി കാട്ടാക്കട പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിസി.ടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സ്പെയർ പാർട്സ് കടയ്ക്ക് സമീപത്തെ ജയലക്ഷ്മി ടൂ വീലർ വർക്ക്ഷോപ്പിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് പിരിച്ചുവിട്ട ജീവനക്കാരനാണ് പ്രതിയെന്ന് കണ്ടെത്തി. സംഭവദിവസം സമീപത്തെ ബാറിൽ കയറി മദ്യപിച്ച ശേഷം കടയിലെത്തിയ പ്രതി കൈയിൽ കരുതിയ പെട്രോൾ ഒഴിച്ചാണ് വാഹനങ്ങൾ കത്തിച്ചത്. തീ ആളിപ്പടർന്നതോടെ കെട്ടിടത്തിലെ ഷീറ്റിലും മറ്റും പിടിക്കുകയും സ്പെയർ പാർട്സ് സ്ഥാപനം ഉൾപ്പെടെ കത്തി നശിക്കുകയും ചെയ്തു. കാട്ടാക്കട ഡിവൈ.എസ്.പി എൻ.ഷിബുവിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ മൃദുൽ കുമാർ,എസ്.ഐ. മനോജ്,ഗ്രേഡ് എസ്.ഐ സുനിൽകുമാർ സി.പി.ഒ പ്രവീൺ,വനിത സി.പി.ഒ അഖില എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |