കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിനെതിരെ കുറ്റിയാട്ടൂർ സ്വദേശിയും റിട്ട. അദ്ധ്യാപകനുമായ ഗംഗാധരൻ വിജിലൻസിന് കൈക്കൂലി പരാതി നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ. 2024 സെപ്തംബർ നാലിന് ആറുപേജുള്ള പരാതി വിജിലൻസിനു നൽകി എന്നായിരുന്നു നവീന്റെ മരണത്തിന് തൊട്ടുപിന്നാലെ ഗംഗാധരൻ വെളിപ്പെടുത്തിയത്. എന്നാൽ, ഇങ്ങനെയൊരു പരാതി ഗംഗാധരൻ നൽകിയിട്ടില്ലെന്ന് ഹൈക്കോടതി അഭിഭാഷകനായ കുളത്തൂർ ജയ്സിംഗ് വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയ്ക്ക് കണ്ണൂർ വിജിലൻസ് ആന്റ് കറപ്ഷൻ ബ്യൂറോ മറുപടി നൽകി.
ഗംഗാധരനിൽ നിന്ന് നവീൻബാബു കൈക്കൂലി വാങ്ങിയെന്ന് അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ സമർപ്പിച്ചിരുന്ന ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണിപ്പോൾ തെറ്റാണെന്ന് തെളിഞ്ഞത്. നേരത്തെ വിജിലൻസ് ഡയറക്ടറേറ്റും, റവന്യു സെക്രട്ടറിയുടെ ഓഫീസും കണ്ണൂർ ജില്ലാ കളക്ടറും നവീനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചിരുന്നു.
ഗംഗാധരന്റെ സ്ഥലത്ത് വയലിലേക്കുള്ള നീരൊഴുക്കു തടഞ്ഞ് മണ്ണിട്ടു നികത്തുന്നതു തടയണമെന്നു കാണിച്ച് നാട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. ഇതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഇടപെടലിൽ തനിക്ക് അതൃപ്തി തോന്നിയെന്നും തുടർന്ന് ആറുപേജുള്ള പരാതി വിജിലൻസിന് നൽകിയെന്നുമാണ് ഗംഗാധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ, നവീൻ ബാബുവിന് എതിരെ പൊതുജനങ്ങളിൽ നിന്നടക്കം പരാതികൾ ലഭിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്നുമാണ് കണ്ണൂർ വിജിലൻസിന്റെ വിവരാവകാശ മറുപടി. പി.പി.ദിവ്യയുടെ ആരോപണം ചർച്ചയായപ്പോൾ നവീൻ തന്നോട് കൈക്കൂലി ചോദിച്ചിട്ടില്ലെന്നും ചുമതലയിൽ കാണിച്ച കൃത്യവിലോപത്തിന്റെ പേരിലാണ് പരാതിയെന്നും ഗംഗാധരൻ പിന്നീട് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |