കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്. പ്രത്യേക അന്വേഷണ സംഘം കൂടുതൽ തെളിവുകൾ സഹിതം അധിക കുറ്റപത്രം കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ഈ മാസം 23ന് കോടതി കേസ് പരിഗണിക്കും.
അന്വേഷണസംഘം ആദ്യം സമർപ്പിച്ച കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് കൂടുതൽ വസ്തുതാപരമായ അടിസ്ഥാനം നൽകുന്ന തെളിവുകളാണ് പുതിയ രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആത്മഹത്യയ്ക്കു മുൻപ് നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അതിന് തന്നെ ഇടനിലക്കാരനാക്കാൻ ശ്രമിച്ചെന്നും ദിവ്യയുടെ ബന്ധു മൊഴി നൽകിയിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ പുതിയ കുറ്റപത്രത്തിലുണ്ട്. ദിവ്യയുടെ ബന്ധുവാണെങ്കിലും നേരിട്ട് പരിചയമില്ലെന്നു പറഞ്ഞതോടെ എന്നാൽ, ശരി എന്ന് എ.ഡി.എം പറഞ്ഞതായാണ് ഇയാളുടെ മൊഴി. യാത്രഅയപ്പിനുശേഷം എ.ഡി.എമ്മും താനും, എ.ഡി.എമ്മിന്റെ ക്വാർട്ടേഴ്സിനു സമീപത്ത് കണ്ടെന്നും പി.പി. ദിവ്യയുടെ ബന്ധുവായ പ്രശാന്ത് എന്നയാൾ മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ 15ന് പള്ളിക്കുന്നിലെ സർക്കാർ താമസസ്ഥലത്താണ് എ.ഡി.എം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് നടന്ന യാത്രഅയപ്പ് ചടങ്ങിലെ സംഭവങ്ങളാണ് ദുരന്തത്തിന് കാരണമായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ചടങ്ങിൽ ക്ഷണമില്ലാതെ എത്തിയ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ പരസ്യമായ അപമാനമാണ് നവീൻ ബാബുവിനെ തീവ്രമായ മാനസിക സമ്മർദ്ദത്തിലാക്കിയതെന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം.
നിലവിൽ ദിവ്യ മാത്രമാണ് ഈ കേസിലെ പ്രതി. അറസ്റ്റിനുശേഷം ജാമ്യത്തിൽ വിട്ടയച്ച അവർക്കെതിരെ ചുമത്തിയ കുറ്റപത്രം റദ്ദാക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അഭിഭാഷകൻ കെ.വിശ്വൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം തെറ്റ് പറ്റിയതായി നവീൻബാബു പറഞ്ഞതായി കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയാണ് ദിവ്യ ആയുധമാക്കുന്നത്. നവീൻബാബു പറഞ്ഞ കാര്യങ്ങൾ റവന്യു വകുപ്പ് മന്ത്രി കെ. രാജനോട് പറഞ്ഞിരുന്നതായും കളക്ടർ മൊഴി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |